ഐ ടി ഐകളില്‍ കാമ്പസ് പ്ലേസ്‌മെന്റ് സെല്ലുകള്‍ ശക്തിപ്പെടുത്തും: തൊഴില്‍ മന്ത്രി
ഐ ടി ഐകളില്‍ കാമ്പസ് പ്ലേസ്‌മെന്റ് സെല്ലുകള്‍ ശക്തിപ്പെടുത്തുമെന്ന് തൊഴില്‍ മന്ത്രി
കേരളത്തിലെ ഐ ടി ഐകളില്‍ കാമ്പസ് പ്ലേസ്‌മെന്റ് സെല്ലുകള്‍ ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിച്ചതായി തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍. ആര്യനാട് ഐ ടി ഐയില്‍ നിന്ന് കാമ്പസ് സെലക്ഷന്‍ ലഭിച്ച സുജിത്, അമല്‍ഗോപന്‍, മഹേഷ്, മുഹമ്മദ് ഷാന്‍ എന്നിവരെ അഭിനന്ദിക്കാനും പ്ലേസ്‌മെന്റ് രേഖകള്‍ കൈമാറുന്നതിനും മന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തൊഴില്‍ മേളയിലൂടെ 3300 പേര്‍ക്ക് തൊഴില്‍ ഉറപ്പു വരുത്താനായി. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ഐ ടി ഐകളുടെ നിലവാരം ഉയര്‍ത്താന്‍ ഗ്രേഡിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തും. മികച്ച നിലവാരം പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡുകള്‍ നല്‍കും. ഐ. ടി. ഐകളുടെ ന്യൂനതകള്‍ പരിഹരിച്ച് ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ 10 ഐ ടി ഐകളെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഒന്‍പത് പുതിയ ഐ. ടി. ഐകള്‍ ആരംഭിക്കാനും നടപടി ആരംഭിച്ചു. സര്‍ക്കാര്‍ മേഖലയില്‍ തൊഴില്‍ കണ്ടെത്തുന്നതിനൊപ്പം കേരളത്തിലും പുറത്തുമുള്ള സ്വകാര്യ മേഖലയിലും പരമാവധി തൊഴില്‍ അവസരങ്ങള്‍ കണ്ടെത്തും. തൊഴില്‍ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളെ ബന്ധപ്പെടുത്തി തൊഴില്‍ ലഭ്യത ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
പെയിന്റര്‍ ജനറല്‍ ട്രേഡില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ദുബായ് റാസല്‍ഖൈമയില്‍ അശോക് ലൈലാന്‍ഡില്‍ അസോസിയേറ്റ് പെയിന്റര്‍ തസ്തികയിലാണ് ജോലി ലഭിച്ചിരിക്കുന്നത്. നാലു വിദ്യാര്‍ത്ഥികളുടെയും പ്ലേസ്‌മെന്റ് രേഖകള്‍ മന്ത്രി കൈമാറി. 2015 മുതല്‍ 98 പേര്‍ക്ക് അശോക്ലൈലാന്‍ഡ് ജോലി ലഭ്യമാക്കിയിട്ടുണ്ട്. മറ്റ് ഐ. ടി. ഐകളിലും കാമ്പസ് സെലക്ഷന് സൗകര്യമൊരുക്കുന്ന വിധത്തിലുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.