ഇത്തവണത്തെ ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റിന്‍റെ ഒന്നാം സമ്മാനത്തുകയായ 10 കോടി രൂപ അടിച്ചത് മലപ്പുറത്ത് വിറ്റ ടിക്കറ്റിന്. സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ സമ്മാനത്തുക നല്‍കുന്നത്. AJ442876 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. മലപ്പുറത്ത് വിറ്റ ടിക്കറ്റിനാണെങ്കിലും സമ്മാനമടിച്ച വ്യക്തിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഒന്നാം സമ്മാനത്തുകയായ പത്തുകോടിയില്‍ 6.30 കോടി രൂപയാണ് സമ്മാനാര്‍ഹന് ലഭിക്കുക. പത്ത് ശതമാനം ഏജന്‍റിന്‍റെ കമ്മീഷനാണ്. 30 ശതമാനം ആദായനികുതിയായും നല്‍കണം.
ഇത്തവണ സമ്മാനടിക്കറ്റ് വിറ്റ ഏജന്‍സിക്കും കോളടിച്ചിട്ടുണ്ട്. ഒരു കോടി രൂപയാണ് കമ്മീഷനായി ലഭിക്കുക.
250 രൂപയായിരുന്നു ഇത്തവണ ഓണം ബമ്പര്‍ ടിക്കറ്റിന്‍റെ വില. 65 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ആദ്യം 60 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചെങ്കിലും അവ പെട്ടെന്ന് വിറ്റഴിഞ്ഞതോടെയാണ് വീണ്ടും അഞ്ചുലക്ഷം ടിക്കറ്റുകള്‍ കൂടി അച്ചടിച്ചത്.
ഏകദേശം 60 കോടിയോളം രൂപയുടെ ലാഭമാണ് ഓണം ബമ്പര്‍ ടിക്കറ്റ് വില്‍പ്പനയിലൂടെ സംസ്ഥാന സര്‍ക്കാരിനുണ്ടായത്.