Select Your Language

Notifications

webdunia
webdunia
webdunia
webdunia

കഴക്കൂട്ടം മണ്ഡലത്തില്‍ വിജയം കാല്‍ ഡസനാക്കാനുള്ള തയ്യാറെടുപ്പില്‍ എം എ വാഹീദ്

കഴക്കൂട്ടം മണ്ഡലത്തില്‍ വിജയം കാല്‍ ഡസനാക്കാനുള്ള തയ്യാറെടുപ്പില്‍ എം എ വാഹീദ്

കഴക്കൂട്ടം
കഴക്കൂട്ടം , ഞായര്‍, 15 മെയ് 2016 (12:34 IST)
കഴിഞ്ഞ മൂന്ന് തവണയും - 2001 ലും 2006 ലും 2011 ലും തുടര്‍ച്ചയായി മത്സരിച്ച് ഹാട്രിക് നേടി നിയമസഭയിലെത്തിയ എം.എ വാഹീദ് ഇത്തവണ വിജയം കാല്‍ ഡസനാക്കാനുള്ള  തയ്യാറെടുപ്പിലാണ് വീണ്ടും ഇവിടെ മത്സരിക്കുന്നത്. 2001 ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ഇരുമുന്നണികളെയും പരാജയപ്പെടുത്തി അഡ്വ.എം.എ വാഹീദ് ഇവിടെ വിജയിച്ചത്. എന്നാല്‍ 2006 ലും 2011 ലും കോണ്‍ഗ്രസ് ടിക്കറ്റിലാണ് വിജയിച്ച് നിയമസഭയിലെത്തിയത്. 
 
ഇങ്ങനെ കഴിഞ്ഞ 15 വര്‍ഷങ്ങളായി ഇവിടെ നിന്ന് തുടര്‍ച്ചയായി നിയമസഭയില്‍ എത്തിയ വാഹീദിന് കഴക്കൂട്ടത്തിന്‍റെ അടുത്തകാലത്ത് ഉണ്ടായ ഓരോ വളര്‍ച്ചയുടെ ഘട്ടങ്ങളും നേരിട്ടറിയാം എന്നതിനൊപ്പം ഭൂരിപക്ഷം വോട്ടര്‍മാരെയും നേരിട്ടറിയാമെന്നതും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. തുടക്കത്തില്‍ തന്നെ മണ്ഡലത്തിലെ മിക്ക വോട്ടര്‍മാരെയും കണ്ടു കഴിഞ്ഞു എന്നതും വാഹീദിനു ഇവിടെ മേല്‍ക്കൈ ലഭിക്കാന്‍ കാരണമായി എന്നാണ് യു.ഡി.എഫ് പറയുന്നത്.
 
എന്നാല്‍ 1996 ല്‍ ഇവിടെ 24,057 വോട്ടിന്‍റെ ഭൂരിപക്ഷം നേടി നിയമസഭയിലെത്തിയ കടകം‍പള്ളി സുരേന്ദ്രന്‍ സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനമൊഴിഞ്ഞിട്ടാണ് ഇവിടെ വീണ്ടും മാറ്റുരയ്ക്കുന്നത്. കഴക്കൂട്ടം മണ്ഡലത്തില്‍ തന്നെയുള്ളതാണ് സുരേന്ദ്രന്‍റെ സ്വന്തം സ്ഥലമായ കടകം‍പള്ളി എന്നതും വോട്ടര്‍മാരില്‍ ഭൂരിഭാഗം പേരെയും തനിക്കും നേരിട്ടറിയാം എന്നതും അദ്ദേഹത്തിന്‍റെ വിശ്വാസം ബലപ്പെടുത്തുന്നു. തങ്ങളുടെ നായകനെ തന്നെ മത്സരാര്‍ത്ഥിയായി ലഭിച്ചത് സി.പി.എം അണികളെ ആവേശഭരിതരാക്കിയിരിക്കുകയാണ്.  
 
പക്ഷെ അടുത്ത കാലം വരെ കാര്യമായ നേട്ടമൊന്നും ഇവിടെ ബി.ജെ.പി ക്ക് നേടാന്‍ കഴിഞ്ഞിരുന്നില്ല എങ്കിലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇവിടെ വ്യക്തമായ ഭൂരിപക്ഷം നേടിയതാണ് ആത്മവിശ്വാസത്തോടെ ബി.ജെ.പി മുന്‍  സംസ്ഥാന അദ്ധ്യക്ഷന്‍ വി.മുരളീധരനെ ഇവിടെ ധൈര്യസമേതം മത്സരിക്കാന്‍ പ്രേരിപ്പിച്ചത്. കഴക്കൂട്ടം ബൈപ്പാസ് വികസിപ്പിക്കാന്‍ ഒരുങ്ങിയതും 'നിഷ്', മെഡിക്കല്‍ കോളേജ് എന്നിവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ വാരിക്കോരി ഫണ്ട് നല്‍കി എന്നതും തനിക്ക് തുണയാകുമെന്നാണു മുരളീധരന്‍റെ പക്ഷം. ഇതിനൊപ്പം ഇരു മുന്നണികള്‍ക്കും എതിരായ ജനവികാരം മുതലാക്കാന്‍ കഴിയും എന്നതും മുരളീധരനെ വിജയിപ്പിക്കുമെന്നാണ് ബി.ജെ.പി അണികളുടെ വിശ്വാസം.  
 
വോട്ടര്‍മാരില്‍ ഇത്തവണ കഴക്കൂട്ടത്തെ ടെക്നോപാര്‍ക്കിലെ 'ടെക്കികളുടെ വോട്ട്' എങ്ങനെ സ്വാധീനിക്കും എന്നാണ് മൂന്നു മുന്നണികളുടെയും ചിന്ത. തലസ്ഥാന വികസനത്തിനുള്ള മാസ്റ്റര്‍ പ്ലാനും അതുവഴി ഉണ്ടായ വിവാദങ്ങളും വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഇടതു വലതു മുന്നണികള്‍. 
 
രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് കേവലം നൂറില്‍ താഴെ ടാക്സി / ഓട്ടോകള്‍ ഉണ്ടായിരുന്ന കഴക്കൂട്ടത്ത് ഇന്ത്യയിലെ  സര്‍ക്കാര്‍ ഉടമയിലെ ആദ്യത്തെ ഐ.റ്റി പാര്‍ക്ക് ഇവിടെ വന്നതോടെ ആയിരക്കണക്കിനു ടാക്സി / ഓട്ടോകളാണിപ്പോഴുള്ളത് എന്നത് തന്നെ കഴക്കൂട്ടത്തിന്‍റെ വികസന തോത് വിളിച്ചറിയിക്കുന്നു.  ടെക്നോ പാര്‍ക്കിലെ തൊഴില്‍ അവസരങ്ങള്‍ക്കൊപ്പം ബന്ധപ്പെട്ട മറ്റ് തൊഴിലുകളും വികസിച്ചു. എങ്കിലും പരമ്പരാഗത തൊഴിലുകളില്‍ ഒന്നായ കയര്‍ തൊഴിലാളികളും ഇവിടത്തെ വോട്ടര്‍മാരില്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്നുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കള്ളവോട്ട്: പിടിയ്ക്കപ്പെട്ടാല്‍ ഒരു വര്‍ഷം വരെ തടവുശിക്ഷയും പിഴയും