ജോലി വാഗ്ദാനം ചെയ്ത യുവതിയെ പീഡിപ്പിച്ചു; രണ്ടംഗ തട്ടിപ്പ് സംഘം പിടിയിൽ
യുവതിയെ പീഡിപ്പിച്ച തൊഴിൽ തട്ടിപ്പ് സംഘം പിടിയിൽ
ജോലി വാഗ്ദാനം ചെയ്ത യുവതിയെ പീഡിപ്പിച്ച രണ്ടംഗ സംഘത്തെ പോലീസ് പിടികൂടി. ഒരു യുവതി അടക്കമുള്ള നാലംഗ സംഘമാണ് തൊഴിൽ തട്ടിപ്പ് സംഘത്തിലുള്ളത് എന്ന പോലീസ് അറിയിച്ചു. മലയിൻകീഴ് താരട്ടവിള ലക്ഷം വീട് ഉത്രാടം നിവാസിൽ അഭി എന്ന അഭിലാഷ് (30), കഴക്കൂട്ടം നെഹ്‌റു ജംഗ്‌ഷനിൽ മണക്കാട്ട് വിളാകത്ത് വീട്ടിൽ ലാൽ എന്ന ഹരിലാൽ (39) എന്നിവരാണ് കഴക്കൂട്ടം പോലീസ് വലയിലായത്.
കേസിലെ പ്രതികളായ നീതികൃഷ്ണ, ദീപക് എന്നിവർ നേരത്തെ പോലീസ് പിടിയിലായിരുന്നു. ആര്യങ്കാവ് സ്വദേശിയായ യുവതിയെ തൊഴിൽ നൽകാമെന്ന് വിളിച്ചുവരുത്തിയാണ് സംഘാംഗങ്ങൾ പീഡിപ്പിച്ചത്. കേശവദാസപുറത്ത് എത്താൻ പറഞ്ഞ യുവതിയെ കാറിൽ കയറ്റി നന്ദൻകോട്, പ്ലാമൂട് എന്നിവിടങ്ങളിൽ എത്തിച്ചായിരുന്നു പീഡിപ്പിച്ചത്.
യുവതിയെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് ലാൻഡ് ലൈനിൽ നിന്ന് പോലീസ് കൺട്രോൾ റൂമുമായി യുവതി ബന്ധപ്പെട്ടതാണ് വിവരം പുറത്താകാൻ കാരണമായത്.