തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണം, വി എസ് പറഞ്ഞ പ്രമാണി മുഖ്യമന്ത്രിയോ? - ആഞ്ഞടിച്ച് രമേശ് ചെന്നിത്തല
തോമസ് ചാണ്ടിക്കെതിരെ നടപടിയുണ്ടാകണം: ചെന്നിത്തല
ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റ വിഷയത്തില്‍ മന്ത്രിക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് ഇന്ന് തന്നെ കത്ത് നല്‍കുമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ ഗുരുതരമായിട്ടും വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറിയും മൌനംപാലിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. തോമസ് ചാണ്ടി ആ സ്ഥാനത്തു തുടരണമോ എന്നു തീരുമാനിക്കേണ്ടതു 'പ്രമാണിമാരാ'ണെന്നു വിഎസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഭരണപരിഷ്‌കാര കമ്മിഷനായ വിഎസ് പറഞ്ഞ ആ 'പ്രമാണി' മുഖ്യമന്ത്രി പിണറായി വിജയന്‍ ആണോ കോടിയേരിയാണോ എന്നും ചെന്നിത്തല ചോദിച്ചു.
മൂന്ന് വര്‍ഷം തടവ് ലഭിക്കാവുന്ന ശിക്ഷയാണ് തോമസ് ചാണ്ടിക്കെതിരെയുള്ളതെന്നും ആരോപണത്തില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം അനുസരിച്ച് കേസെടുക്കണമെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മാധ്യമസ്ഥാപനത്തിന് നേരയുണ്ടായ ആക്രമണത്തില്‍ ഇതുവരെ നടപടിയെടുത്തില്ലെന്നും അക്രമികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.