ദിലീപിന് ഇന്നും നിരാശ തന്നെ!
സുനില്‍കുമാറിനെ മാപ്പുസാക്ഷിയാക്കാനുള്ള നീക്കം ഉണ്ടായേക്കാമെന്ന് ദിലീപിന്റെ അഭിഭാഷകന്‍; കേസില്‍ കോടതി നാളെ വിധി പറയും
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. ദിലീപിന്റെ അഭിഭാഷകന്റെ വാദം മാത്രമാണ് ഇന്ന് നടന്നത്. പ്രോസിക്യൂഷന്റെ വാദം കോടതി നാളെ കേള്‍ക്കും. കേസില്‍ നാളെ വിധി ഉണ്ടാകുമെന്നാണ് കരുതുന്നത്.
വാദത്തിനായി എത്ര മണിക്കൂര്‍ വേണമെന്ന കോടതിയുടെ ചോദ്യത്തിനു ഒന്നര മണിക്കൂര്‍ എന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ നല്‍കിയ ഉത്തരം. അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് അഭിഭാഷകന്‍ ഉന്നയിച്ചിരിക്കുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ള പള്‍സര്‍ സുനിയെപ്പോലുളളവരുടെ മൊഴികളെ മാത്രം അടിസ്ഥാനമാക്കിയാണ് പൊലീസിന്റെ അന്വേഷണമെന്നും ഇവരുണ്ടാക്കുന്ന കഥകള്‍ക്ക് പിന്നാലെയാണ് പൊലീസെന്നും അഭിഭാഷകന്‍ വാദിച്ചു.
ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലിന്റെ പേരില്‍ ദിലീപിന് ഓരോ തവണയും ജാമ്യം നിഷേധിക്കുന്നു. എന്നാല്‍ അത് കണ്ടെടുക്കാന്‍ ഏഴുമാസമായിട്ടും പൊലീസിനായില്ലെന്നും അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വാദിച്ചു. ഇങ്ങനെയാണെങ്കില്‍ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി മാപ്പുസാക്ഷി ആയേക്കാമെന്നും അഭിഭാഷകന്‍ വാദിച്ചു.
പൊലീസ് വിവരങ്ങള്‍ മറച്ചുവയ്ക്കുകയാണെന്നും ആരോപണമുന്നയിച്ചു. കേസിന്റെ അന്വേഷണ വിവരങ്ങള്‍ പോലീസ് അറിയിക്കുന്നില്ല. ദിലീപിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് ഒരു വിവരവും വ്യക്തമാക്കുന്നില്ല. കുറ്റങ്ങള്‍ അറിയുന്നത് പ്രതിയുടെ അവകാശമാണെന്നും ദിലീപിന്റെ അഭിഭാഷകര്‍ വാദിച്ചു.
മുന്‍പു ജാമ്യാപേക്ഷ പരിഗണിച്ച അതേ ബഞ്ചു തന്നെയാണ് ഇത്തവണയും പരിഗണിക്കുന്നത്. അങ്കമാലി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ദിലീപ് നല്‍കിയ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് മൂന്നാം വട്ടവും ജാമ്യാപേക്ഷയുമായി ദിലീപ് വീണ്ടും ഹൈക്കോടതിയിലെത്തിയത്.