ദേ, ആ സാരിയിങ്ങെടുത്തേ, ഈ മഞ്ഞയാണോ മാഡം? അതേ...! - വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്
‘ഇരിപ്പിടം നിഷേധിക്കപ്പെട്ടവര്‍’ - പോസ്റ്റ് വൈറലാകുന്നു
ആഘോഷങ്ങള്‍ എല്ലാവര്‍ക്കും സ്വന്തമാണ്. ഓഫര്‍ പെരുമഴയുടെ കാലത്ത്, പ്രത്യേകിച്ചും ഓണം, വിഷു, റംസാന്‍, ക്രിസ്തുമസ് തുടങ്ങിയ അവധി നാളുകളില്‍ നടുവൊടിഞ്ഞ് പണിയെടുക്കുന്നവരുടെ കൂട്ടത്തില്‍ മുന്‍പന്തിയില്‍ തന്നെയുണ്ടാകും ‘സെയില്‍സ് ഗേള്‍സ്/മാന്‍’. മുഖത്തെ ചിരി മായ്ക്കാതെ രാവിലെ മുതല്‍ വൈകിട്ട് വരെ കസ്റ്റമേഴ്സിനെ സന്തോഷത്തോടെ സ്വീകരിക്കുന്ന സെയില്‍സ് ഗേളിന്റെ അവസ്ഥ വിവരിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.
ഷെഫി സുബൈര്‍ എന്ന യുവാവാണ് എന്റെ തൂലിക എന്ന ഗ്രൂപ്പില്‍ സെയില്‍ ഗേള്‍സിന്റെ ഒരു ദിവസത്തെ ഡ്യൂട്ടിയും കഷ്ടപ്പാടും വിവരിച്ചു കൊണ്ട് പോസ്റ്റ് ഇട്ടിരിക്കുന്നത്. രാവിലെ മുതലുള്ള അവരുടെ നില്‍പ്പിലും നമ്മളോട് കയര്‍ത്തു സംസാരിക്കാതെ, മുഖത്തെ ചിരി മായ്ക്കാതെ നമ്മളുടെ ഇഷ്ടത്തിനൊപ്പം നില്‍ക്കുകയാണ് ചെയ്യുന്നതെന്ന് ഷെഫി പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
"ഇരിപ്പിടമില്ലാത്തവര്‍'
ദേ, ആ സാരിയിങ്ങെടുത്തേ...? ഈ മഞ്ഞയാണോ മാഡം. അതേ...!
ആ തുണിക്കടയിലെ സ്ത്രീ കസേര വലിച്ചിട്ടു അതിനു മുകളില്‍ കയറി നിന്ന് ആ മഞ്ഞ സാരി എടുത്തു കൊടുക്കുന്നു. സാരി വാങ്ങാന്‍ വന്ന കസ്റ്റമര്‍ ആ സാരിയുടെ മടക്കുകള്‍ അഴിച്ചു നിവര്‍ത്തി നോക്കുന്നു. ഇഷ്ടപ്പെട്ടില്ല. ആ പച്ച സാരിയിങ്ങെടുത്തേ...?
മുഖത്തെ ചിരി മായ്ക്കാതെ വീണ്ടും ആ തുണിക്കടയിലെ ജോലിക്കാരി അടുത്ത സാരീ എടുക്കുന്നു. അങ്ങനെ ഒരു പത്തിരുപതെണ്ണം മടക്കു നിവര്‍ത്തി അലങ്കോലമാക്കിയിട്ടു ഒന്നും ഇഷ്ടപ്പെടാതെ കസ്റ്റമര്‍ മടങ്ങുന്നു. എന്നിട്ടും മുഖത്തൊരു ഭാവഭേദവും വരുത്താതെ ആ സാരിയെല്ലാം മടക്കി വെയ്ക്കുന്നു...മുഖത്ത് നിറയെ ചിരിയുമായി...
ഓണവും, പെരുന്നാളും ഒന്നിച്ചു വന്ന തിരക്കാണ്. ഇവരുടെ ജോലിക്കു കഷ്ടപ്പാട് കൂടും. അല്ലെങ്കിൽ തന്നെ പണ്ടേ ഇരിപ്പിടം നിഷേധിക്കപ്പെട്ടവരാണ് ഇവര്‍. ഇപ്പോള്‍ തിരക്കും. അപ്പോള്‍ ഇവരുടെ കാര്യം പറയേണ്ടതില്ലല്ലോ.
പതിനേഴു വയസ്സ് മുതല്‍ അമ്പതു വയസ്സു വരെയുള്ള സ്ത്രീകള്‍ പണിയെടുക്കുന്ന സ്ഥലങ്ങളാണ് വസ്ത്ര ശാലകള്‍. അവരും പട്ടിണി മാറ്റാന്‍ വന്നവര്‍. സദാസമയം മുഖത്ത് ചിരി പടര്‍ത്തി നമ്മളെ സ്നേഹത്തോടെ വരവേല്‍ക്കുന്നവര്‍. ഒന്നും എടുക്കാതെ നമ്മള്‍ തിരികെ മടങ്ങുമ്പോഴും സന്തോഷത്തോടെ യാത്ര ആക്കുന്നവര്‍.
ഒന്നിരിക്കാന്‍ പോലുമാകാതെ.
ആര്‍ത്തവ സമയങ്ങളിലുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ പോലും വക വെക്കാതെ. പ്രാഥമിക ആവശ്യങ്ങള്‍ നടത്താന്‍ പോലും നിമിഷങ്ങള്‍ക്ക് വിലയുള്ളവര്‍. അങ്ങനെയുള്ള ഇവരെ ചൂഷണം ചെയുന്ന മുതലാളിമാര്‍. പണം മുടക്കുന്ന നമ്മള്‍ ഇവരെക്കൊണ്ട് ചെയ്ക്കുന്ന അധിക ജോലികള്‍. ഇഷ്ടപ്പെട്ടില്ലെങ്കിലും വെറുതെ തുണിത്തരങ്ങള്‍ വലിച്ചു വാരിയിടുന്ന സ്വാഭാവം മലയാളികള്‍ക്ക് പണ്ടേ ഉള്ളതാണ്. കൂടുതലും മലയാളി മങ്കകള്‍ക്കു തന്നെ.
ആഘോഷ സമയങ്ങളില്‍ രാവിലെ തുടങ്ങുന്ന ഈ നില്‍പ്പ് രാവ് ഒരുപാടു കനക്കുന്നതുവരെ തുടങ്ങുന്നു. അവരും വരുന്നത് ജീവിക്കാനാണ്. ആഘോഷങ്ങള്‍ അവര്‍ക്കും അവകാശപ്പെട്ടതാണ്. എന്നാലും ആ നിൽപ്പിലും നമ്മളോട് കയർത്തു സംസാരിക്കാതെ, മുഖത്തെ ചിരി മായ്ക്കാതെ നമ്മളുടെ ഇഷ്ടത്തിനൊപ്പം നിൽക്കുന്നു. അവരും മനുഷ്യരാണ്...ആ മനസ്സും നീറുന്നുണ്ടാകാം....!