നടിയെ ആക്രമിച്ച കേസ്: പുലിമുരുകന്റെ സംവിധായകന്റെ മൊഴിയെടുക്കുന്നു
ഇപ്പോഴുള്ള ഈ മൊഴിയെടുക്കല്‍ ആശങ്ക ജനിപ്പിക്കുന്നു
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കുന്നു. മോഹന്‍ലാല്‍ നായകനായ പുലിമുരുകന്റെ സംവിധായകന്‍ വൈശാഖിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബില്‍ വെച്ചാണ് മൊഴിയെടുക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതിനകം നിരവധി പേരെയാണ് പൊലീസ് ചോദ്യം ചെയ്തിരിക്കുന്നത്.
ദിലീപ് നായകനായ ‘സൌണ്ട് തോമ’യുടെ സംവിധായകനാണ് വൈശാഖ്. ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എത്തിയതായി പൊലീസിന് തെളിവുകള്‍ ലഭിച്ചിരുന്നു. റിമാന്‍ഡില്‍ കഴിയവേ സുനി ദിലീപിനയച്ച കത്തില്‍ ‘സൌണ്ട് തോമ മുതല്‍ ജോര്‍ജ്ജേട്ടന്‍സ് പൂരം വരെയുള്ള കാര്യങ്ങള്‍ ഒന്നും ഞാന്‍ ആരോടും പറഞ്ഞിട്ടില്ലെന്ന്’ എഴുതിയിരുന്നു.
സുനിയുടെ കത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെ കുറിച്ചും ഷൂട്ടിങ് ലൊക്കെഷനില്‍ സുനിയെ കണ്ടിട്ടുണ്ടോയെന്നും തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് പൊലിസ് വൈശാഖിന്റെ മൊഴി എടുക്കുന്നത്. സിനിമാ മേഖലയിലെ നിരവധി പേരുടെ മൊഴികള്‍ പൊലീസ് ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ഇപ്പോഴുള്ള ഈ മൊഴിയെടുക്കല്‍ സിനിമാക്കാര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.