ജിഎസ്ടി, പെട്രോളിയം വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഈ മാസം 13ന് നടത്താനിരുന്ന സംസ്ഥാന വ്യാപക ഹര്‍ത്താല്‍ ഒക്ടോബർ 16ലേക്ക് മാറ്റിവെച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.
കൊച്ചിയില്‍ അണ്ടര്‍ 17 ലോകകപ്പ് നടക്കുന്നതിനാലാണ് മാറ്റിവെയ്ക്കല്‍. എട്ട് മണിക്കൂറിനിടെ മൂന്ന് തവണയാണ് ഹര്‍ത്താല്‍ മാറ്റിയത്. മലപ്പുറത്ത് നടന്ന വാർത്താ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹർത്താൽ പ്രഖ്യാപിച്ചത്.
ലോകകപ്പ് മത്സരങ്ങളെ ബാധിക്കാത്ത രീതിയില്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താല്‍ നടത്തുമെന്നായിരുന്നു പ്രഖ്യാപനം. പിന്നീട് ഹര്‍ത്താല്‍ മൂന്ന് മണി വരെയായിരിക്കുമെന്നും അറിയിച്ചു. വീണ്ടും എതിര്‍പ്പുകള്‍ ഉയര്‍ന്നതിനേത്തുടര്‍ന്നാണ് 12ലേക്ക് മാറ്റിയതായി അറിയിക്കുകയും തുടര്‍ന്ന് ഒക്ടോബര്‍ 16 ആയി നിശ്ചയിക്കുകയുമായിരുന്നു.
ആശുപത്രി, ആംബലുൻസ്, പാൽ, പത്രം തുടങ്ങിയ അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹനയങ്ങളിൽ പ്രതിഷേധിച്ചാണ് ഹർത്താലിനു ആഹ്വാനം ചെയ്തതെന്ന് ചെന്നിത്തല വ്യക്തമാക്കി.
ഇന്ധനവില വർദ്ധന നിയന്ത്രിക്കാന്‍ ഇരു സര്‍ക്കാരുകളും നടപടിയൊന്നും സ്വീകരിക്കുന്നില്ല. ഇതോടെ സാധാരണക്കാരുടെ ജീവിതം ദുരിതമയമായിരിക്കുകയാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ജനത്തിന്റെ മേൽ പെട്രോൾ വില കൂടി ഉയർത്തി ഇരട്ടി ഭാരമാണ് കേന്ദ്ര സർക്കാർ അടിച്ചേൽപിക്കുന്നത്. ഇതിനെതിരെയുള്ള പ്രതിഷേധമാണ് ഹർത്താലെന്നും ചെന്നിത്തല പറഞ്ഞു.