മനസ്സിലിരുപ്പ് ഇതാണെന്ന് അറിഞ്ഞില്ല, അറിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിന് വേണ്ടി കോടതിയില്‍ ഹാജരാകില്ലായിരുന്നു; സെന്‍കുമാറിനെ തള്ളിപ്പറഞ്ഞ് അഭിഭാഷകന്‍
സെന്‍കുമാറിന്റെ പ്രസ്താവനയില്‍ നിരാശയുണ്ട്; ദുഷ്യന്ത് ദവൈ
സ്ഥാനമൊഴിഞ്ഞ മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ വിവാദ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് അഭിഭാഷകന്‍ ദുഷ്യന്ത് ദവൈ രംഗത്ത്. സെന്‍കുമാറിന്റെ മനസ്സിലിരിപ്പ് ഇതാണെന്ന് അറിഞ്ഞില്ലെന്നും ഇക്കാര്യം നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ ഡിജിപി പദവിയുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ ഹാജരാവില്ലായിരുന്നു എന്നും ദുഷ്യന്ത് ദവൈ പറഞ്ഞു.
സെന്‍കുമാറിന്‍റെ പ്രസ്താവനയില്‍ കടുത്ത നിരാശയുണ്ടെന്നും നീതിയ്ക്കുവേണ്ടിയുള്ള പോരട്ടമാണെന്നു കരുതിയാണ് അദ്ദേഹത്തില്‍ നിന്നും പണം വാങ്ങാതെ അദ്ദേഹത്തിനായി കോടതില്‍ ഹാജരായതെന്ന് അഭിഭാഷകന്‍ പറയുന്നു. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥാനായിരുന്നു സെന്‍കുമാര്‍ എന്നായിരുന്നു തന്റെ ധാരണയെന്നും ഈ ഒരൊറ്റ കാരണത്താലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അദ്ദേഹത്തെ സ്ഥാനത്തു നിന്ന് മാറ്റിയതെന്നും കരുതി. എന്നാല്‍ കൃത്യമായ രാഷ്ട്രീയമുള്ളയാളാണെന്ന് ഇപ്പോഴാണ് മനസിലായതെന്നും ദുഷ്യന്ത് ദവെ പറഞ്ഞു.
സെന്‍കുമാറിന്റെ നിലപാടില്‍ ദുഷ്യന്ത് ദവൈ പരസ്യമായി അതൃപ്തി അറിയിച്ച് രംഗത്തെത്തിയത് സെന്‍കുമാറിനെ സമ്മര്‍ദ്ദത്തില്‍ ആക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇസ്ലാമിക് സ്റ്റേറ്റും ആര്‍എസ്എസും തമ്മില്‍ ഒരു താരതമ്യവും ഇല്ല എന്ന് വിരമിച്ച് ശേഷം ടിപി സെന്‍കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംസ്ഥാനത്ത് ലവ് ജിഹാദ് ഉണ്ടെന്നും സെന്‍കുമാര്‍ വ്യക്തമാക്കിയിരുന്നു. ഇതും പിന്നീട് വിവാദങ്ങള്‍ക്ക് വഴി തെളിയ്ക്കുകയായിരുന്നു.