മുസ്ലീം ലീഗിലേക്ക് കുഞ്ഞാലിക്കുട്ടി തന്നെ രണ്ട് തവണ തിരികെ വിളിച്ചു: കെ ടി ജലീല്‍
മുസ്ലീം ലീഗിലേക്ക് കുഞ്ഞാലിക്കുട്ടി രണ്ട് തവണ തിരികെ വിളിച്ചെന്ന് മന്ത്രി കെ ടി ജലീല്‍
മുസ്ലീം ലീഗിന്റെ നേതാവായ പി കെ കുഞ്ഞാലിക്കുട്ടി തന്നെ രണ്ട് തവണ പാര്‍ട്ടിയിലേക്ക് തിരികെ വിളിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയും സിപിഐ(എം) പിന്തുണയുള്ള സ്വതന്ത്ര എംഎല്‍എയുമായ കെ ടി ജലീല്‍. 2006ല്‍ നടന്ന കുറ്റിപ്പുറം തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒന്നര വര്‍ഷത്തിനുശേഷമായിരുന്നു ആദ്യത്തെ ക്ഷണമെന്ന് കുടുംബമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കെ ടി ജലീല്‍ പറഞ്ഞു.
കോഴിക്കോട് നടന്ന ഒരു പരിപാടിയിലെ പ്രസംഗം കഴിഞ്ഞ ഉടന്‍ തന്നെ അദ്ദേഹം എനിക്ക് കൈ തന്നു. എന്തൊക്കെയാണ് വിശേഷം കുഞ്ഞാലിക്കുട്ടി സാഹിബേ എന്ന് ഞാന്‍ അങ്ങോട്ടും ചോദിച്ചു. സുഖമാണെന്നും, എംഎല്‍എ പണി എങ്ങനെയുണ്ടെന്നും അദ്ദേഹം തിരിച്ചു ചോദിച്ചു. നന്നായി പോകുന്നുവെന്ന് ഞാനും മറുപടി നല്‍കി. ആ സന്ദര്‍ഭത്തില്‍ ‘ഇങ്ങനെയൊക്കെ ആയാല്‍ മതിയോ? നമുക്ക് ഇനിയും ഒരുമിച്ച് പോകേണ്ടേ?’ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ആ ചോദ്യത്തോടെ എന്നോട് അദ്ദേഹം പുലര്‍ത്തിയ നിലപാട് തെറ്റായിരുന്നുവെന്ന ചിന്ത എന്നില്‍ ഉണ്ടായെന്നും ജലീല്‍ പറയുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമസഭയ്ക്കുള്ളില്‍ വെച്ചും പാര്‍ട്ടിലേക്ക് തിരികെ വരണമെന്നുള്ള ആഗ്രഹം കുഞ്ഞാലിക്കുട്ടി വീണ്ടും പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സിപിഐ(എം) എന്നെ അത്രമാത്രം വിശ്വസിക്കുന്നുണ്ടെന്നും ആ വിശ്വാസത്തിന് വിരുദ്ധമായി ഞാന്‍ എന്തെങ്കിലും ചെയ്താല്‍ പിന്നീട് മുസ്ലീങ്ങളെ മതേതര പാര്‍ട്ടികള്‍ പോലും വിശ്വസിക്കാത്ത അവസ്ഥ സംജാതമാകുമെന്നും അതിനാല്‍ വിശ്വാസവഞ്ചന നടത്താന്‍ എനിക്ക് കഴിയില്ല എന്നുമാണ് മറുപടി നല്‍കിയതെന്നും ജലീല്‍ വ്യക്തമാക്കി.