വക്കീലിനെ പരിചയപ്പെടുത്തിയത് ദിലീപ്, നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡിനെ കുറിച്ച് അറിയില്ലെന്ന് താരം; ദിലീപിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയേക്കും
പള്‍സര്‍ സുനിയെ വക്കീലിന്റെ അടുത്തേക്ക് പറഞ്ഞ് വിട്ടത് ദിലീപ്...
യുവനടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചന സംബന്ധിച്ചു അറസ്റ്റിലായ നടന്‍ ദിലീപിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയേക്കുമെന്ന് സൂചനകള്‍. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ അഭിഭാഷകന്റെ അടുത്തേക്ക് പറഞ്ഞയച്ചത് ദിലീപ് ആണെന്ന് പൊലീസ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ വീണ്ടും കസ്റ്റ്ഡിയില്‍ വാങ്ങാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിക്കു ശേഷം അങ്കമാലി മജിസ്ട്രേട്ട് കോടതിയില്‍ ദിലീപിനെ ഇന്നു ഹാജരാക്കാനിരിക്കെയാണ് പൊലീസിന്റെ ഈ നീക്കം. അന്വേഷണം തുടരാനായി കസ്റ്റഡി നീട്ടാന്‍ സാധ്യതയുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പൊലീസ് സമര്‍പ്പിക്കുന്ന എതിര്‍ സത്യവാങ്മൂലത്തില്‍ വാദംകേട്ട ശേഷമായിരിക്കും അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധിപറയുക.
ദിലീപ് നല്‍കിയ മൊഴികളിലെ പൊരുത്തക്കേടു മനസ്സിലാക്കിയ പൊലീസ്, ഭാര്യ കാവ്യാ മാധവന്റെ മൊഴി രഹസ്യമായി രേഖപ്പെടുത്തിയെന്നു സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ അന്വേഷണ സംഘം തയാറായില്ല. സമൂഹത്തില്‍ വലിയ സ്വാധീനമുള്ള ദിലീപിനു ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന ആശങ്ക പൊലീസിനുണ്ട്.