വധു സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു, വിവാഹം വൈകി
വിവാഹ ദിവസം വധുവിന്റെ കാർ മറിഞ്ഞു
വിവാഹ ദിവസം വധു സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു. വധുവിനടക്കം നാലു പേർക്ക് പരുക്ക്. പൊൻകുന്നം - പാലാ റോഡിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. അപകടത്തെ തുടർന്ന് വിവാഹം ഒരു മണിക്കൂർ വൈകി.
ചങ്ങനാശേരി നഗരസഭാ അധ്യക്ഷൻ മണമേൽ സെബാസ്റ്റ്യൻ മാത്യുവിന്റെ സഹോദര പുത്രി മെറിൻ ജോർജിന്റെ വിവാഹത്തിനു പോയ കാറാണ് അപകടത്തിൽപെട്ടത്. വധുവിനും അടുത്ത ബന്ധുക്കളുമടങ്ങുന്ന വാഹനമാണ് മറിഞ്ഞത്. ആരുടെയും പരുക്കുകൾ ഗുരുതരമല്ല.
അപകടത്തിനു ശേഷം പ്രഥമ ശുശ്രൂഷകൾ നൽകിയശേഷം വിവാഹവേദിയിൽ എത്തിച്ചു. 11 മണിക്കു നടക്കേണ്ടിയിരുന്ന വിവാഹം ഒരു മണിക്കൂറോളം വൈകി. വഞ്ചിമല കവലയിലെത്തിയ കാർ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.