വാതില്‍ പൂട്ടില്‍ എണ്ണയൊഴിച്ച് തിരി കത്തിച്ച് തകര്‍ക്കും, തുടര്‍ന്ന് അകത്ത് കയറി മോഷണം; വിചിത്ര മോഷണ രീതികള്‍ പരീക്ഷിച്ച മോഷ്ടാവ് ഓടുവില്‍ പൊലീസ് വലയില്‍
വിചിത്രമായ രീതികളിലൂടെ മോഷണം നടത്തുന്ന കള്ളന്‍ ഒടുവില്‍ പൊലീസ് പിടിയിലായി
വിചിത്രമായ രീതികളിലൂടെ മോഷണം നടത്തുന്ന കള്ളന്‍ ഒടുവില്‍ പൊലീസ് പിടിയിലായി. വെഞ്ഞാറമൂട്ടില്‍ ആറ്റിങ്ങല്‍ ആലംകോട് വഞ്ചിയൂര്‍ കടവിള മുളമൂട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കൃഷ്ണന്‍കുട്ടി എന്ന 48 കാരനാണ് അറസ്റ്റിലായത്. ഏപ്രില്‍ രണ്ടിന് കല്ലമ്പലത്ത് നടന്ന ഒരു മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഒരു നീല സ്‌കൂട്ടര്‍ യാദൃശ്ചികമായി പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഈ സ്കൂട്ടര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ പൊലീസിന്റെ വലയിലായത്.
പാചകക്കാരന്‍ എന്ന വ്യാജേനെ രാത്രിയില്‍ നിന്നും വീട്ടില്‍ നിന്നും ഇറങ്ങിയാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. മോഷണത്തന് പോകുമ്പോള്‍ സഞ്ചിയില്‍ എപ്പോഴും വിളക്കെണ്ണയും തിരിയും ചന്ദനത്തിരിയും കര്‍പ്പൂരവും കരുതിയിരുന്ന ഇയാള്‍ ഇവ ഉപയോഗിച്ച് വാതില്‍ കത്തിച്ചായിരുന്നു മോഷണം നടത്തിയിരുന്നത്.
തുണിപിരിച്ച് തിരിയാക്കി വിളക്കെണ്ണയില്‍ മുക്കിവാതില്‍പൂട്ടിന്റെ ദ്വാരത്തില്‍ വെച്ച് പൂട്ടിനുള്ളില്‍ എണ്ണയൊഴിച്ച് തിരി കൊളുത്തും. കര്‍പ്പൂരം പൊടിച്ചിടുകയും ചെയ്യും തീപിടിച്ച് വാതിലിന്റെ പൂട്ട് താനെ പൊളിയുന്നതോടെയാണ് ഇയാള്‍ വാതില്‍ തുറന്ന് അകത്തു കയറി മോഷണം നടത്തിയിരുന്നത്.
വഴിയില്‍ പൊലീസുകാരോ മറ്റുള്ളവരോ ചോദിച്ചാല്‍ ക്ഷേത്രത്തിലെ പൂജാരിയാണെന്ന് പറയുകയും സഞ്ചി തുറന്ന് ഈ വസ്തുക്കളെല്ലാം കാണിച്ചുകൊടുക്കുകയും ചെയ്യുകയായിരുന്നു ഇയാളുടെ രീതി. പലയിടങ്ങളിലും നടന്ന മോഷണങ്ങളില്‍ സ്‌കൂട്ടര്‍ വിഷയമായതോടെ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൃഷ്ണന്‍ കുട്ടിയില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ആറ്റിങ്ങല്‍, കിളിമാനൂര്‍, കല്ലമ്പലം, വര്‍ക്കല, വെഞ്ഞാറമൂട് എന്നിവിടങ്ങളില്‍ നടന്ന വിവിധ മോഷണങ്ങളില്‍ ഇയാളുടെ പങ്ക് വ്യക്തമാവുകയായിരുന്നു
ഒറ്റയ്ക്കായിരുന്നു ഇയാള്‍ കുറ്റകൃത്യങ്ങള്‍ ചെയ്തിരുന്നത്. അതിനാലാണ് ഇയാളിലേക്ക് ഇതുവരെയും സംശയം എത്താതിരുന്നത്. പകല്‍ കറങ്ങി നടന്ന മോഷണം നടത്തേണ്ട ആളില്ലാത്ത വീടുകള്‍ കണ്ടുവെച്ച ശേഷം രാത്രിയില്‍ വാതിലിന് തീയിട്ട് അകത്തു കയറുന്നതാണ് രീതി. ലക്ഷങ്ങള്‍ വില വരുന്ന കതകുകളാണ് ഇയാള്‍ കത്തിച്ച് നശിപ്പിച്ചിരുന്നത്. ചില വാതിലുകള്‍ തീയിട്ട ശേഷം വെട്ടിപ്പൊളിക്കുകയും ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു. ആഭരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, വിദേശ നിര്‍മ്മിത വസ്തുക്കള്‍, സൗന്ദര്യവര്‍ദ്ധക സാമഗ്രികള്‍ എന്നിവയാണ് ഇയാള്‍ മോഷ്ടിക്കാറുള്ളതെന്നും പൊലീസ് പറഞ്ഞു.