Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാജു നവോദയയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; അഭിഭാഷകന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍ - തുണയായത് പൊലീസ് തന്ത്രം

പാഷാണം ഷാജിക്ക് തുണയായത് പോലീസ് തന്ത്രം... പ്രതികളെ കുടുക്കിയത് ഇങ്ങനെ, ഇനി മൂന്നാമന്‍....

സാജു നവോദയയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; അഭിഭാഷകന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍ -  തുണയായത് പൊലീസ് തന്ത്രം
കൊച്ചി , തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (10:34 IST)
പ്രമുഖ ഹാസ്യ സിനിമ, മിമിക്രി താരം സാജു നവോദയയെ (പാഷാണം ഷാജി) ഭീഷണിപ്പെടുത്തി പണം പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ അഭിഭാഷകന്‍ അടക്കം രണ്ടു പേര്‍ പിടിയില്‍. ഇടപ്പള്ളി സ്വദേശിയായ അഡ്വക്കേറ്റ് ഐസക് ദേവസി, കൃഷ്ണദാസ് എന്നിവരാണ് പിടിയിലായത്. സാജു നവോദയുടെ പരാതിയിലാണ് ഇരുവരേയും പാലാരിവട്ടം പൊലീസ് പിടികൂടിയത്.
 
തട്ടിപ്പ് സംഘത്തില്‍ മൂന്നു പേരുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സുനില്‍ എന്ന മൂന്നാമന്‍ വൈല്‍ഡ് ലൈഫ് ഉദ്യോഗസ്ഥനാണെന്നാണ് സംശയിക്കുന്നത്. ഇയാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കുകയും ചെയ്തു. 
 
കഴിഞ്ഞ സെപ്തംബര്‍ പതിനൊന്നിന് തൃക്കാക്കര മുനിസിപ്പാലിറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ സാജു നവോദയുടെ നേതൃത്വത്തില്‍ നടത്തിയ സ്‌റ്റേജ് ഷോയില്‍ സ്‌നേക്ക് ഡാന്‍സ് ഉള്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ ചില ആളുകള്‍ കാക്കനാട് വൈല്‍ഡ് ലൈഫ് ഓഫീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ സാജുവിനെ വിളിച്ച് പരിപാടിയുടെ വിശദാംശങ്ങള്‍ ചോദിക്കുകയും ചെയ്തിരുന്നു.   
 
അതിനുശേഷമാണ് ഈ സംഭവത്തില്‍ കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് അഡ്വക്കേറ്റ് ഐസക് ദേവസി സാജുവിനെ ഫോണില്‍ ബന്ധപ്പെടുന്നത്. പത്തു ലക്ഷം നല്‍കിയില്ലെങ്കില്‍ കേസില്‍പെടുത്തുമെന്ന് പറഞ്ഞ് നിരന്തരം ഭീഷണി തുടര്‍ന്നതോടെയാണ് സാജു പൊലീസില്‍ പരാതി നല്‍കിയത്.
 
പൊലീസിന്റെ നിര്‍ദ്ദേശ പ്രകാരം പണം നല്‍കാമെന്ന് സാജു അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നിര്‍ദേശിച്ചതിനനുസരിച്ച് അവര്‍ പറഞ്ഞ സ്ഥലത്ത് വിളിച്ചു വരുത്തി ഇരുവരേയും അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതികള്‍ക്ക് വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചതായി പൊലീസ് സംശയിക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അത്ഭുതകരമായ ബാറ്ററി ബാക്കപ്പ്, തകര്‍പ്പന്‍ ഫീച്ചറുകള്‍; രണ്ട് ഫീച്ചര്‍ ഫോണുകളുമായി നോക്കിയ !