സ്വകാര്യ ഏജൻസിയുടെ സുരക്ഷ: ഒപ്പമുള്ളവരുടെ രേഖകളും വിശദാംശങ്ങളും തിങ്കളാഴ്ചയ്ക്കുള്ളിൽ നല്‍കണം, ദിലീപിന് പൊലീസിന്റെ നോട്ടീസ്
സ്വകാര്യ ഏജൻസിയുടെ പ്രത്യേക സുരക്ഷ: ദിലീപിന് പൊലീസിന്റെ നോട്ടിസ്
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം സ്വകാര്യ സുരക്ഷാ ഏജൻസിയുടെ സംരക്ഷണം തേടിയ നടൻ ദിലീപിന് പൊലീസ് നോട്ടീസ് നൽകി. കൂടെയുള്ളവരുടെ രേഖകളും വിശദാംശങ്ങളും നൽകണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപിന് പൊലീസ് നോട്ടിസ് നൽകിയിരിക്കുന്നത്. സായുധസംഘത്തിന്റെ സംരക്ഷണം എന്തിനെന്ന് ദിലീപ് വ്യക്തമാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
സുരക്ഷാ ഏജൻസിയോടും വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രേഖകളെല്ലാം തിങ്കളാഴ്ചയ്ക്കുള്ളിൽ നൽകണമെന്ന നിർദേശമാണ് പൊലീസ് നല്‍കിയിരിക്കുന്നത്. സ്വകാര്യ ഏജൻസിക്കു തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ കൈവശം വയ്ക്കുന്നതിനുള്ള അനുമതിയുണ്ടോയെന്നതുള്‍പ്പടെയുള്ള കാര്യങ്ങളായിരിക്കും പൊലീസ് അന്വേഷിക്കുക.
ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന തണ്ടർ ഫോഴ്സ് എന്ന ഏജൻസിയുടെ സഹായമാണു ദിലീപ് തേടിയതെന്നാണ് കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തു വന്നത്. മൂന്നുപേർ എപ്പോഴും ദിലീപിനൊപ്പമുണ്ടാകും. ജനമധ്യത്തിൽ ദിലീപ് ആക്രമിക്കപ്പെടാൻ സാധ്യതയുള്ളതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണു സുരക്ഷയ്ക്കായി പ്രത്യേക സേനയെ നിയോഗിച്ചിരിക്കുന്നത്.
അതേസമയം, സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയുടെ സഹായം തേടിയെന്ന കാര്യത്തിൽ സ്ഥിരീകരണം നൽകാൻ ദിലീപോ അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളോ ഇതുവരെ തയാറായിട്ടില്ല. കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം കൊട്ടാരക്കരയിൽ വച്ചു പോലീസ് തണ്ടർഫോഴ്സിന്റെ വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.