‘അഴിമതിക്കേസുകളില്‍ മുങ്ങി നില്ക്കുന്ന തച്ചങ്കരി പൊലീസ് ആസ്ഥാനത്തുളളപ്പോള്‍ എങ്ങനെ അങ്ങോട്ട് മടങ്ങും?’; ആഞ്ഞടിച്ച് ജേക്കബ് തോമസ്
അവധി നീട്ടുന്ന കാര്യം ആലോചിക്കുന്നുവെന്ന് ജേക്കബ് തോമസ്
വീണ്ടും അവധി നീട്ടുന്ന കാര്യം ആലോചിക്കുകയാണെന്ന് ഡിജിപി ജേക്കബ് തോമസ്. താന്‍ വിജിലന്‍സ് ഡയറക്ടറായിരിക്കുന്ന വേളയില്‍ ടോമിന് തച്ചങ്കരിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിരുന്നു. അഴിമതിയില്‍ മുങ്ങി നില്ക്കുന്ന തച്ചങ്കരിയെപ്പോലെയുള്ള ഒരു വ്യക്തി പൊലീസ് ആസ്ഥാനത്ത് എഡിജിപി ആയിരിക്കുമ്പോള്‍ എങ്ങനെയാണ് അവിടേക്ക് മടങ്ങിയെത്തുകയെന്നും അദ്ദേഹം ചോദിച്ചതായി മാധ്യമം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
സേനയുടെ തലപ്പത്തെ അസ്വസ്ഥതകളില്‍ തനിക്ക് കടുത്ത ആശങ്കയുണ്ട്. ഇപ്പോള്‍ കാണുന്ന പലതും സേനക്ക് അഭികാമ്യമായതല്ല. അതുകൊണ്ടുതന്നെയാണ് അവധി നീട്ടുന്ന കാര്യം ആലോചിക്കുന്നത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലുള്‍പ്പെടെ തച്ചങ്കരിക്കെതിരെ പല കേസുകളുമുണ്ട്. ഇത്തരം കേസുകളുടെ ഗൗരവം കണക്കിലെടുത്താണ് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യണമെന്ന് സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തത്. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യം പരിഗണിച്ചില്ല. ഇനി ഒരു തരത്തിലുള്ള വിവാദങ്ങള്‍ക്കൊന്നും താനില്ല. പക്ഷേ അഭികാമ്യമല്ലാത്ത നടപടികളെ അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിജിലന്‍സ് ഡയറക്ടറായിരിക്കെ മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ച ജേക്കബ് തോമസ് ഈ മാസം 19നാണ് തിരികെ എത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ താന്‍ തിരികെ എത്തുമെന്ന് ഉറപ്പായതോടെയാണ് പുതിയ വിവാദങ്ങളും തലപൊക്കുന്നത്. ഇതിന് പിന്നില്‍ ആരാണെന്ന് വ്യക്തമായി അറിയാം. അവധിയിലായിരുന്നപ്പോള്‍ തനിക്കെതിരെ ആരും ഒന്നും പറഞ്ഞില്ല. അവധി റദ്ദാക്കുമെന്ന സൂചന പുറത്തുവന്നതോടെ പുതിയ കഥകളുമായി പലരും രംഗത്തുവരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.