സ്ത്രീയാത്രികര്‍ മുന്‍കരുതലെടുക്കണം; ഇക്കാര്യത്തില്‍ പ്രത്യേകിച്ച്, ലാഭം നോക്കാനേ പാടില്ല
ഇക്കാര്യത്തില്‍ പ്രത്യേകിച്ച്, ലാഭം നോക്കാനേ പാടില്ല
നവതലമുറ യാത്രകളുടെ പിന്നാലെയാണ്. ഒറ്റയ്ക്കായും കൂട്ടായും ആളുകള്‍ പുതിയ പുതിയ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന്റെ ത്രില്ലിലാണ് ഇപ്പോള്‍. അതേസമയം, ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരുടെയും എണ്ണം കൂടുകയാണ്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതില്‍ ആണ്‍ - പെണ്‍ വ്യത്യാസമില്ല എന്നതാണ് സത്യം. കാരണം, പുതിയ കാലത്തില്‍ യാത്രയില്‍ ആനന്ദം കണ്ടെത്തുന്നവരാണ് മിക്കവരും. സ്ത്രീകളും ഇക്കാലത്തില്‍ തനിച്ച് യാത്ര ചെയ്യുന്നുണ്ട്. എന്നാല്‍, സ്ത്രീകള്‍ യാത്രയ്ക്ക് തയ്യാറെടുക്കുന്നതിനു മുമ്പ് കുറച്ചു കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം.
1. യാത്ര പ്ലാന്‍ ചെയ്യുന്നതിനു മുമ്പ് നിങ്ങള്‍ പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലത്തെക്കുറിച്ച് വ്യക്തമായി പഠിക്കുക
ഏതു സ്ഥലത്തേക്കാണോ യാത്ര പോകാന്‍ ആഗ്രഹിക്കുന്നത് ആ സ്ഥലത്തെക്കുറിച്ച് വ്യക്തമായ ധാരണ വേണം. ഒരു സ്ഥലത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അതിന് സമീപമുള്ള നല്ല സ്ഥലങ്ങളെക്കുറിച്ചും അറിയണം. കാരണം, ഒരു യാത്രയില്‍ തന്നെ കൂടുതല്‍ സ്ഥലങ്ങള്‍ കാണുന്നതിനുള്ള അവസരം അശ്രദ്ധ കാരണം നഷ്‌ടപ്പെടുത്തരുത്. സ്ഥലത്തിന്റെ നല്ല വശങ്ങളെക്കുറിച്ചും റിസ്കിനെക്കുറിച്ചും എല്ലാം അറിഞ്ഞിട്ടു വേണം ഒരു സ്ഥലത്തേക്ക് യാത്ര പോകാന്‍.
2. നഷ്‌ടപ്പെട്ടാല്‍ തിരിച്ചുലഭിക്കാന്‍ ബുദ്ധിമുട്ടുള്ള വസ്തുക്കളും സര്‍ട്ടിഫിക്കറ്റുകളും യാത്രയില്‍ കരുതാതിരിക്കുന്നതാണ് നല്ലത്. കുടുംബസ്വത്തുക്കളുടെ രേഖകള്‍, സ്വര്‍ണാഭരണങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ജനനസര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ യാത്രയില്‍ ഒപ്പം കൂട്ടതിരിക്കുന്നതാണ് നല്ലത്. കൂടാതെ, യാത്രയില്‍ ഒപ്പം കൂട്ടുന്ന ക്യാമറ, പാസ്പോര്‍ട്ട്, ക്രെഡിറ്റ് കാര്‍ഡുകള്‍, സ്മാര്‍ട് ഫോണ്‍, മരുന്നുകള്‍ എന്നിവ ദിവസവും യാത്ര ചെയ്യുന്നതിനായി ഒപ്പം കരുതുന്ന ബാഗില്‍ തന്നെ കരുതുക. ഉടുപ്പുകള്‍ ഉള്‍പ്പെടെയുള്ള ലഗേജുകള്‍ സൂക്ഷിക്കുന്ന ബാഗില്‍ ഇത്തരം വസ്തുക്കള്‍ സൂക്ഷിക്കാതിരിക്കുക.
3. ആവശ്യമുള്ള വസ്തുക്കള്‍ മാത്രം യാത്രയ്ക്ക് ഒപ്പമെടുക്കുക
ഒരു വഴിക്ക് പോകുമ്പോള്‍ ലഗേജ് പരമാവധി കുറയ്ക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. യാത്രകള്‍, കൂടുതല്‍ സുഗമമവും എളുപ്പവുമാക്കുന്നതിന് ഇത് സഹായിക്കും. നിങ്ങള്‍ ഒരു നഗരം സന്ദര്‍ശിക്കാന്‍ എത്തിയതാണെങ്കില്‍ കറങ്ങാന്‍ ഇറങ്ങുമ്പോള്‍ അത്യാവശ്യമുള്ള സാധനങ്ങള്‍ മാത്രം കൈയിലെടുക്കുക. ബാക്കിയുള്ള വസ്തുക്കള്‍ നിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് വെയ്ക്കുക.
4. യാത്രയ്ക്കിടയില്‍ കാണുന്നവരെ പെട്ടെന്ന് വിശ്വസിക്കരുത്
യാത്രയ്ക്കിടയില്‍ പല തരത്തിലുള്ള ആളുകളെയും നമ്മള്‍ കണ്ടുമുട്ടും. എന്നാല്‍, ആരെയും പെട്ടെന്നു കയറിയങ്ങു വിശ്വസിക്കരുത്. നാടും വീടും വിട്ട് കറങ്ങിനടക്കാന്‍ എത്തിയവരാണ് എന്നുള്ള കാര്യം മറക്കരുത്. ചതിയില്‍പ്പെടാന്‍ എളുപ്പമാണ്, എന്നാല്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ കുറച്ചു പാടാണ്. അതുകൊണ്ട്, പുറത്തിറങ്ങുമ്പോള്‍ ഭക്ഷണപാനീയ കാര്യങ്ങളില്‍ നല്ല ശ്രദ്ധ വെയ്ക്കുക.
5. പുറത്തിറങ്ങുമ്പോള്‍ മദ്യപാനം നിയന്ത്രിക്കുക
പുതിയ സ്ഥലങ്ങളൊക്കെ കണ്ട് കറങ്ങി നടക്കുന്ന സമയങ്ങളില്‍ മദ്യപാനത്തെ അകറ്റി നിര്‍ത്തുന്നതാണ് ഏറ്റവും നല്ലത്. കാരണം, മദ്യപാനം ചിലപ്പോള്‍ ഒക്കെ നമ്മുടെ ബോധത്തെയും മനസ്സിനെയും ബാധിക്കും. ഒരു യാത്രയ്ക്ക് ഇറങ്ങി പുറപ്പെട്ടിട്ട് അടിച്ചു പൂസായി ഹോട്ടല്‍ മുറിയില്‍ ഉറങ്ങിപ്പോകുക എന്നത് വലിയ നഷ്‌ടം തന്നെയായിരിക്കും. നമ്മുടെ സുരക്ഷ നമ്മള്‍ തന്നെ ഉറപ്പു വരുത്തുന്നതിനും മദ്യപാനത്തെ അകറ്റി നിര്‍ത്തുന്നതായിരിക്കും നല്ലത്.
6. നാടുമായി ഇഴുകിച്ചേര്‍ന്ന് സഞ്ചരിക്കുക
ഇന്ത്യയില്‍ സന്ദര്‍ശനത്തിനു വരുന്ന ചില വിദേശിസഞ്ചാരികള്‍ മിക്കപ്പോഴും ചുരിദാര്‍ ധരിച്ച് യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകും. കാരണം, ഓരോ നാട്ടില്‍ ചെല്ലുമ്പോഴും ആ നാടിനെ അറിഞ്ഞു സഞ്ചരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്. ഓരോ നാട്ടിലും അവിടുത്തെ സാധാരണക്കാരുടെ വേഷം ആ നാട്ടിലെ കാലാവസ്ഥയുമായി ഇണങ്ങുന്നതയിരിക്കും. അതുകൊണ്ടു തന്നെ ഒരു നാട്ടിലെത്തുമ്പോള്‍ അവിടുത്തെ ഭക്ഷണരീതി ശീലിക്കുന്നതിനൊപ്പം വസ്ത്രധാരണരീതിയും ശീലിക്കുന്നത് നല്ലതായിരിക്കും.
7. സുരക്ഷിതമായ താമസത്തിന് കൂടുതല്‍ പണം ചെലവഴിക്കുക
യാത്രകള്‍ പരമാവധി ചെലവു കുറച്ച് നടത്തണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. എന്നാല്‍, താമസസ്ഥലം തെരഞ്ഞെടുക്കുമ്പോള്‍ കാശില്‍ പിശുക്ക് കാണിക്കരുത്. ഏറ്റവും നല്ലതും സുരക്ഷിതവുമായ ഹോട്ടലുകള്‍, ഹോസ്റ്റലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവ താമസത്തിനായി തെരഞ്ഞെടുക്കുക.
8. പ്രധാനപ്പെട്ട രേഖകള്‍ പെട്ടെന്ന് മോഷ്ടിക്കപ്പെട്ട് പോകാത്ത രീതിയില്‍ സൂക്ഷിക്കുക
ക്രെഡിറ്റ് കാര്‍ഡുകള്‍, പ്രധാനപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍, പാസ്പോര്‍ട്ടുകള്‍, കുറച്ചു പണം എന്നിവ പെട്ടെന്ന് ബാഗില്‍ തന്നെ ഒളിപ്പിച്ചു വെയ്ക്കുക. പെട്ടെന്ന്, ഒരു അസുഖമോ അടിയന്തിരമായിട്ടുള്ള ആവശ്യമോ വന്നാല്‍ ഇത് ഉപകാരപ്രദമായിരിക്കും. ബാഗില്‍, പെട്ടെന്ന് ലഭിക്കാവുന്ന തരത്തില്‍ നിങ്ങള്‍ക്ക് ഏറ്റവും ബന്ധപ്പെട്ടവരുടെ അഡ്രസ് കുറിച്ചിടുക. നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ബന്ധപ്പെട്ടവരെ വിവരം അറിയിക്കുന്നത് എളുപ്പമാക്കാന്‍ ഇത് സഹായിക്കും.
9. ട്രാവല്‍ ഇന്‍ഷുറന്‍സ്
യാത്രയ്ക്ക് പുറപ്പെടുന്നതിനു മുമ്പ് ട്രാവല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും എടുക്കുക. യാത്രയ്ക്ക് പോകുമ്പോള്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് വളരെ ആവശ്യമാണ്. നിങ്ങളുടെ ലഗേജ് നഷ്‌ടപ്പെട്ടാല്‍, പെട്ടെന്ന് എന്തെങ്കിലും പ്രകൃതിദുരന്തത്തില്‍പ്പെട്ടാല്‍ ഒക്കെ ഇത് ഉപകാരപ്പെടും.
10. പ്രിയപ്പെട്ടവരെ നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുക
മനുഷ്യജീവിതമാണ്. ആര്‍ക്ക്, എന്ത് വേണമെങ്കിലും എവിടെ വെച്ചും സംഭവിക്കാം. അതുകൊണ്ട്, ഒരു യാത്രയ്ക്ക് ഇറങ്ങിയാല്‍ നിങ്ങളുടെ പ്രിയപ്പെട്ടവരെ, വീട്ടുകാരെ നിങ്ങള്‍ എവിടെയെത്തി എങ്ങോട്ട് പോകുന്നു എന്നുള്ള കാര്യം കൃത്യമായി അറിയിക്കുക. നിങ്ങള്‍ എന്തെങ്കിലും പ്രശ്നത്തില്‍ അകപ്പെട്ടാല്‍ തന്നെ വീട്ടുകാര്‍ക്ക് അക്കാര്യം പെട്ടെന്നു തന്നെ കണ്ടെത്താന്‍ ഇത് സഹായിക്കും.