ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കും, ഏക സിവിൽ കോഡ് തുടങ്ങി 75 വാഗ്ദാനങ്ങൾ; ബിജെപി പ്രകടന പത്രിക 'സങ്കൽപ് പത്ര' പുറത്തിറക്കി
ആറുകോടി ജനങ്ങളുമായി സംസാരിച്ച് തയ്യാറാക്കിയതാണ് പ്രകടന പത്രികയെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി. സങ്കൽപ്പ് പത്ര എന്ന് പേരിട്ടിരിക്കുന്ന പത്രിക പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടി അധ്യക്ഷൻ അമിത് ഷാ, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവർ ചേർന്നാണ് പുറത്തിറക്കിയത്.
45 പേജുള്ള പ്രകടന പത്രികയിൽ 75 വാഗ്ദാനങ്ങളാണുള്ളത്. ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുമെന്ന് പത്രികയിൽ ബിജെപി വാഗ്ദാനം ചെയ്യുന്നു. കർഷകരുടെ വരുമാനം ഇരട്ടിയാക്കും. ചെറുകിട കർഷകർക്ക് പെൻഷൻ, ഒരു ലക്ഷം വരെയുള്ള കർഷക വായ്പയ്ക്ക് അഞ്ച് വർഷം വരെ പലിശയില്ല, കർഷകർക്കും ചെറുകിട വ്യാപാരികൾക്കും പെൻഷൻ, ഏകീകൃത സിവിൽ കോഡും പൗരത്വ ബില്ലും നടപ്പിലാക്കും, ജൈവ കൃഷി പ്രോത്സാഹിപ്പിക്കും, 75ആം സ്വാതന്ത്ര ദിനം ആഘോഷിക്കാൻ 75 പദ്ധതികൾ തുടങ്ങിയവ പത്രികയിൽ ഉൾപ്പെടുന്നു.
സൗഹാർദ അന്തരീക്ഷത്തിൽ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കും, ഗ്രാമ വികസനത്തിന് 25 ലക്ഷം കോടിയുടെ പദ്ധതി, പ്രതിരോധ മേഖലയിൽ സ്വയം പര്യാപ്തത നേടും തുടങ്ങിയ വാഗ്ദാനങ്ങൾ പത്രികയിലുണ്ട്. മോദിയുടെ ഭരണത്തിൽ രാജ്യം മികച്ച പുരോഗതി കൈവരിച്ചു. അഞ്ച് വർഷം കൊണ്ട് 50 ലധികം നിർണ്ണായക തീരുമാനങ്ങൾ എടുത്തു. മികച്ച ഭരണവും ദേശ സുരക്ഷയും പ്രധാന അജണ്ടയെന്നും സങ്കൽപ്പ് പത്രയിൽ വ്യക്തമാക്കുന്നുണ്ട്.
ആറുകോടി ജനങ്ങളുമായി സംസാരിച്ച് തയ്യാറാക്കിയതാണ് പ്രകടന പത്രികയെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ പറഞ്ഞു.