ന്യായ് പദ്ധതി ഉൾപ്പെടെ നിരവധി വാഗ്ദാനങ്ങൾ; കോൺഗ്രസ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും
ബിജെപിക്ക് എതിരായ പ്രധാന പ്രചാരണ ആയുധമായി ഉപയോഗിക്കുന്ന തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാനാണ് കോൺഗ്രസ് പ്രാധാന്യം കൊടുക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ദരിദ്രകുടുംബങ്ങൾക്ക് പ്രതിവർഷം ചുരുങ്ങിയത് 72,000 രൂപ വരുമാനം ഉറപ്പുവരുത്തുന്ന ന്യായ് പദ്ധതിക്കൊപ്പം പൽ വാഗ്ദാനങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന. ബിജെപിക്ക് എതിരായ പ്രധാന പ്രചാരണ ആയുധമായി ഉപയോഗിക്കുന്ന തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാനാണ് കോൺഗ്രസ് പ്രാധാന്യം കൊടുക്കുന്നത്.
അധികാരത്തിലെത്തിയാൽ 12 മാസം കൊണ്ട് സർക്കാർ തലത്തിലെ 22 ലക്ഷം ഒഴിവുകൾ നികത്തുമെന്നാണ് ഒരു വാഗ്ദാനം. ന്യായ് പദ്ധതിക്കു എങ്ങനെ പണം കണ്ടെത്തും , എത്ര കുടുംബങ്ങൾക്കു വ്യക്തികൾക്കും ഇതിന്റെ നേട്ടം കിട്ടും എന്നതടക്കമുള്ള വിവരങ്ങളും ഇന്ന് പ്രകടന പത്രികയിലൂടെ കോൺഗ്രസ് പുറത്തുവിടും.
നീതി ആയോഗ് പിരിച്ചുവിട്ട് ആസൂത്രണ കമ്മീഷൻ പുനഃസ്ഥാപിക്കും, ജിഎസ്ടിയിലെ പോരായ്മകൾ പരിഗണിക്കുന്നതിനുള്ള ബദൽ നിർദേശങ്ങൾ, കർഷകർ, തൊഴിലാളികൾ എന്നിവർക്കുള്ള നിരവധി വാഗ്ദാനങ്ങളും പ്രകടനപട്ടികയിൽ ഉണ്ടായേക്കും. പ്രകടന പത്രികയ്ക്ക് അന്തിമ രൂപം നൽകാൻ കഴിഞ്ഞയാഴ്ച കോൺഗ്രസ് പ്രവർത്തക സമിതി യോഗൻ ചേർന്നിരുന്നു.