മൻമോഹൻ സിങിനെ കരിങ്കൊടി കാണിച്ച ഇടതുവിദ്യാർത്ഥി നേതാവ്; ഇന്ന് രാഹുൽ ഗാന്ധിയുടെ ഉപദേഷ്ടാവ്
2017 മുതലാണ് സന്ദീപ് രാഹുലിനൊപ്പം കൂടാന്‍ തുടങ്ങിയതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രിന്റ് റിപ്പോര്‍ട്ടു ചെയ്യുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇപ്പോഴത്തെ ഉപദേശകന്‍ 2005ല്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെ കരിങ്കൊടി കാട്ടിയ സന്ദീപ് സിങ്.
രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷ്ടാവായി സന്ദീപ് സിങ് ഇതുവരെ ചുമതലയേറ്റിട്ടില്ല. പക്ഷേ അദ്ദേഹമാണ് രാഹുലിന് പ്രസംഗങ്ങള്‍ എഴുതി നല്‍കുന്നത്. സഖ്യങ്ങളുടെ കാര്യത്തില്‍ രാഹുലിന് നിര്‍ദേശങ്ങള്‍ നല്‍കുന്നതും ഇയാളാണെന്ന് ദ പ്രിന്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ഉത്തര്‍പ്രദേശില്‍ സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് ഒരു സഹായി വേണ്ടിവരുമെന്ന ഘട്ടമായപ്പോഴും രാഹുല്‍ സന്ദീപിനെ തന്നെ തിരഞ്ഞെടുത്തു. അന്ന് മുതല്‍ സന്ദീപ് പ്രിയങ്കയ്‌ക്കൊപ്പമുണ്ട്. സന്ദീപ് സിങ്ങുമായി രാഹുലിന് ഇത്രവലിയ അടുപ്പമുണ്ടാകാനുള്ള കാരണം ആര്‍ക്കും അറിയില്ല. എന്നാല്‍ 2017 മുതലാണ് സന്ദീപ് രാഹുലിനൊപ്പം കൂടാന്‍ തുടങ്ങിയതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രിന്റ് റിപ്പോര്‍ട്ടു ചെയ്യുന്നത്.
ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢിലെ ഒരു ഇടത്തരം കുടുംബത്തിലാണ് സന്ദീപ് സിങ് ജനിച്ചത്. അലഹബാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയ അദ്ദേഹം ജെ.എന്‍.യുവില്‍ ചേര്‍ന്നു. അവിടെ അദ്ദേഹം ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. ജെഎന്‍യു ഹിന്ദി ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ഥിയായിരുന്ന അദ്ദേഹം പിന്നീട് സ്വന്തം താല്‍പര്യപ്രകാരം ഫിലോസഫിയിലേക്ക് മാറി.
2005ല്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ജെഎന്‍യു സന്ദര്‍ശിച്ച വേളയില്‍ അദ്ദേഹത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് സന്ദീപ് സിങ്ങിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ അദ്ദേഹത്തിനെതിരെ കരിങ്കൊടി കാട്ടിയിരുന്നു. 2007ല്‍ സിങ് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.