പ്രമുഖ ഡിടിഎച്ച് ശൃംഖലകള്‍ വഴി മാര്‍ച്ച് 31 മുതല്‍ സംപ്രേഷണം ആരംഭിച്ച ‘നമോ ടിവി’ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിലക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങളും തെരഞ്ഞെടുപ്പു റാലികളും സംപ്രേഷണം ചെയ്യാനായാണ് ‘നമോ ടിവി’ പ്രവര്‍ത്തനം ആരംഭിച്ചത്. ഈ ചാനലിലെ പരിപാടികള്‍ വോട്ടര്‍മാരെ സ്വാധീനിക്കുമെന്നാണ് കമ്മിഷന്‍റെ നിരീക്ഷണം.
നരേന്ദ്രമോദി തന്നെയാണ് ട്വിറ്ററിലൂടെ നമോ ടിവി സമര്‍പ്പണം നിര്‍വഹിച്ചത്. നരേന്ദ്രമോദിയുടെ ചിത്രമാണ് ചാനലിന്‍റെ ലോഗോ ആയി ഉപയോഗിച്ചത്. ബി ജെ പി നേതാക്കളുമായുള്ള അഭിമുഖങ്ങള്‍, നരേന്ദ്രമോദിയുടെ പ്രസംഗങ്ങള്‍, മോദി പങ്കെടുക്കുന്ന റാലികള്‍ തുടങ്ങിയവയാണ് ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്നത്. ഈ ചാനലിന്‍റെ സംപ്രേക്ഷണം പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കോണ്‍ഗ്രസും ആം ആദ്‌മി പാര്‍ട്ടിയും പരാതി നല്‍കിയിരുന്നു.
നരേന്ദ്രമോദിയുടെ ജീവിതം പറയുന്ന 'പിഎം മോദി' സിനിമയുടെ പ്രദര്‍ശനവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയും വരെ ചിത്രം റിലീസ് ചെയ്യരുതെന്ന് കമ്മിഷന്‍ ഉത്തരവിട്ടു. നീതിയുക്തമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് നടപടിയെന്നും കമ്മിഷന്‍ അറിയിച്ചു. സിനിമ തടയണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി നേരത്തേ സുപ്രീംകോടതി തള്ളിയിരുന്നു.
പി എം മോദി എന്ന ചിത്രത്തെ കൂടാതെ എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടേയും ജീവിതചരിത്രം പറയുന്ന സിനിമകള്‍ക്കും തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ റിലീസ് ചെയ്യുന്നതിനും കമ്മിഷന്റെ വിലക്കുണ്ട്.
ഏപ്രില്‍ 11ന് സിനിമ റിലീസ് ചെയ്യാനായിരുന്നു നിര്‍മാതാക്കളുടെ തീരുമാനം. നരേന്ദ്രമോദിയുടെ പ്രധാനമന്ത്രി പദവിയിലേക്കുള്ള യാത്ര വരെയുള്ള ജീവിതമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ഗുജറാത്ത്, ഉത്തരാഖണ്ഡ‍്, മുംബൈ എന്നിവിടങ്ങളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്.
മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്‍റെ തുടക്കം മുതല്‍ 2014ലെ തെരഞ്ഞെടുപ്പ് വിജയം വരെയാണ് ചിത്രം പറയുന്നത്. 23 ഭാഷകളില്‍ ഇറങ്ങുന്ന സിനിമയില്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്റോയി ആണ് മോദി ആയി അഭിനയിക്കുന്നത്. ഒമങ് കുമാര്‍ ആണ് സംവിധാനം.