Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘എംകെ രാഘവനെതിരായ കോഴയാരോപണം ഗൗരവമേറിയത്’ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

രാഘവന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

‘എംകെ രാഘവനെതിരായ കോഴയാരോപണം ഗൗരവമേറിയത്’  ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
, വ്യാഴം, 4 ഏപ്രില്‍ 2019 (10:31 IST)
കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ എംകെ രാഘവന്‍ അനധികൃത ഭൂമിയിടപാടിന് അഞ്ചുകോടി കോഴ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ‍. സംഭവം ഗൗരവമേറിയതാണെന്നും അദ്ദേഹം പറഞ്ഞു.
 
എന്നാൽ കോഴയാരോപണത്തിന് പിന്നില്‍ സിപിഐഎമ്മാണെന്ന് എംകെ രാഘവനും ആരോപിച്ചു. സിപിഐഎം ജില്ലാ നേതൃത്വമാണ് ഇതിന് പിന്നിൽ‍. ഒരു മാഫിയ സംഘം ഇതിന് പിന്നിലുണ്ട്. ഇവരാണ് ഡല്‍ഹിയില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ കൊണ്ടു വന്നത് തെളിവുകള്‍ ഉടന്‍ പുറത്തു വിടുമെന്നും എംകെ രാഘവൻ കൂട്ടിച്ചേർത്തു.  
 
രാഘവന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. പാര്‍ട്ടി ഒറ്റക്കെട്ടായി രാഘവനൊപ്പം ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. വിവാദത്തിന് പിന്നില്‍ സിപിഐഎമ്മും സര്‍ക്കാരുമാണെന്ന് സംശയിക്കുന്നു. കോഴിക്കോട്ടെ പ്രബുദ്ധരായ ജനങ്ങളെ കബളിപ്പിക്കാമെന്ന് സിപിഐഎം കരുതേണ്ടെന്നും ഈ കേസ് അന്വേഷിക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
 
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ സ്റ്റണ്ടാണ് സംഭവമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സിപിഐഎം തന്നെയാണ് കോഴ ആരോപണത്തിനു പിന്നിലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആരോപിച്ചു. ചാനലിന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ടെന്നും രാഘവന്റെ ജനസ്വീകാര്യത നഷ്ടപ്പെടുത്തുകയാണ് ആരോപണത്തിന്റെ ലക്ഷ്യമെന്നും ഉമ്മന്‍ ചാണ്ടിയും അറിയിച്ചു.
 
കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലം നല്‍കി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച സംഘത്തോട് എം കെ രാഘവന്‍ കോഴ ആവശ്യപ്പെട്ടെന്ന് ആരോപിക്കുന്ന വീഡിയോ ദേശീയ വാര്‍ത്താചാനലായ ടിവി 9 ഭാരത് വര്‍ഷ് ഇന്നലെ വൈകുന്നേരം പുറത്തുവിട്ടിരുന്നു. സ്ഥലം വാങ്ങാന്‍ സഹായമാവശ്യപ്പെട്ട് രാഘവന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് അഞ്ച് കോടി രൂപ കമ്മീഷനായി വാഗ്ദാനം ചെയ്തു. ഇത് കറന്‍സിയായി ഡല്‍ഹിയിലെ തന്റെ സെക്രട്ടറിയെ ഏല്‍പിക്കണമെന്ന് രാഘവന്‍ ആവശ്യപ്പെട്ടുവെന്നായിരുന്നു റിപ്പോര്‍ട്ട്.
 
തനിക്കെതിരെ നിരന്തരം നടക്കുന്ന വ്യക്തിഹത്യയുടെ ഭാഗമാണ് ഈ വീഡിയോയെന്നും തെളിയിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാമെന്നും പൊതു ജീവിതം അവസാനിപ്പിക്കാമെന്നും എം.കെ രാഘവന്‍ ഇന്നലെ പറഞ്ഞിരുന്നു.

ടിവി9 ന്റെ റിപ്പോര്‍ട്ടറുടെ പ്രത്യേക സംഘമാണ് സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയത്. റിപ്പോര്‍ട്ടര്‍മാര്‍ കണ്‍സള്‍ട്ടന്‍സി കമ്പനി ഉടമകളായെത്തിയായിരുന്നു ഓപ്പറേഷന്‍. ഒരു കണ്‍സള്‍ട്ടന്‍സി കമ്പനിയില്‍നിന്നുള്ള ആളുകളാണെന്നും തങ്ങളുടെ സിങ്കപ്പൂര്‍ ആസ്ഥാനമാക്കിയുള്ള ഒരു ഉപഭോക്താവിന് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ താല്‍പര്യമുണ്ടെന്നും അറിയിച്ചാണ് ഇവര്‍ എംപിയെ കാണാനെത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രിയങ്ക യുവസുന്ദരി തന്നെ, അവസരം കിട്ടിയാൽ പോയി കാണും: സി കെ പത്മനാഭൻ