കര്‍ശന സുരക്ഷയില്‍ വയനാട്; രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും; റോഡ് ഷോ ഒഴിവാക്കിയേക്കും
പതിനൊന്ന് മണിക്കാണ് ജില്ലാ കളക്ടര്‍ മുന്‍പാകെ പത്രിക സമര്‍പ്പിക്കുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ കഴിയുന്ന രാഹുല്‍ഗാന്ധി ഒമ്പത് മണിയോടെ ഹെലികോപ്റ്റര്‍ മാര്‍ഗമാകും കല്‍പറ്റയിലേക്ക് പോകുക. പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടാകും. പതിനൊന്ന് മണിക്കാണ് ജില്ലാ കളക്ടര്‍ മുന്‍പാകെ പത്രിക സമര്‍പ്പിക്കുന്നത്.
ഹെലികോപ്റ്റര്‍ മാര്‍ഗം കരിപ്പൂരിലെത്തുന്ന രാഹുല്‍ ഗാന്ധി റോഡ് ഷോ നടത്തി കളക്ടറേറ്റിലെത്തി പത്രിക നല്‍കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഇത് വെട്ടിച്ചുരുക്കാന്‍ സാധ്യതയുണ്ട്. വൈത്തിരി വെടിവയ്പ്പിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മുന്‍കരുതല്‍. കൂടാതെ ഡിസിസി ഓഫീസില്‍ നടത്താനിരുന്ന യോഗവും റദ്ദാക്കി.
റോഡ് ഷോ നീട്ടുന്നതിനുള്ള അനുമതി സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കിയാല്‍ രാഹുലും പ്രിയങ്കയും ബസ് സ്റ്റാന്‍ഡിനു മുമ്പിലെ വേദിയില്‍ ജനങ്ങളോട് സംസാരിച്ചേക്കും. എസ്പിജി എഐജി ഗുര്‍മീത് ഡോറ്‌ജെയുടെ നേതൃത്വത്തിലുള്ള നൂറോളം പേരടങ്ങുന്ന സംഘം ഇതിനായി വയനാട്ടിലെത്തിയിട്ടുണ്ട്. ഒപ്പം ആയിരത്തിലധികം പൊലീസും തണ്ടര്‍ബോള്‍ട്ടും ക്യാമ്പ് ചെയ്യുന്നുണ്ട്.
ഇന്നലെ രാത്രിയാണ് രാഹുല്‍ ഗാന്ധി കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തിയത്. പ്രിയങ്ക ഗാന്ധി, ഉമ്മന്‍ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരുമായി രാത്രി തന്നെ രാഹുല്‍ കൂടിയാലോചനകള്‍ നടത്തിയിരുന്നു.
കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് രാഹുലിന്റെ വയനാട്ടിലെ പ്രചരണ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പത്രിക സമര്‍പ്പണത്തിന് എകെ. ആന്റണി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും രാഹുലിനെ അനുഗമിക്കും. രാഹുല്‍ ഗാന്ധിയോടൊപ്പം നാലു പേര്‍ക്ക് മാത്രമേ കലക്ടറുടെ ചേംബറിലേക്ക് കയറാന്‍ അനുമതിയുള്ളൂ. പരമാവധി 10 മിനിറ്റിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.