Lok Sabha Election 2024 - Kerala Round Up : ഇത്തവണയും 'ഉറപ്പില്ലാതെ' ബിജെപി; പത്ത് ഉറപ്പിച്ച് എല്‍ഡിഎഫും യുഡിഎഫും
'കേരളം ബിജെപിയെ പ്രതിരോധിക്കുന്നു' എന്ന പ്രചരണമാണ് ആദ്യം മുതല്‍ വോട്ടെടുപ്പ് കഴിയുന്നതുവരെ ദേശീയ തലത്തില്‍ ചര്‍ച്ചയായത്
Pinarayi Vijayan and KK Shailaja - Lok Sabha Election 2024 - Kerala Round Up
Lok Sabha Election 2024 - Kerala Round Up: ലോക്‌സഭയില്‍ വെറും 20 സീറ്റുകള്‍ മാത്രമുള്ള കേരളം ഓരോ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരുമ്പോഴും ദേശീയ ശ്രദ്ധ നേടുന്നതിനു പല ഘടകങ്ങളുണ്ട്. 2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മികച്ച വിജയം നേടി അധികാരത്തിലെത്തിയപ്പോള്‍ കേരളത്തില്‍ നിന്ന് ഒരു സീറ്റ് പോലും അവര്‍ക്ക് ലഭിച്ചിരുന്നില്ല. ദക്ഷിണേന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളിലെല്ലാം നില മെച്ചപ്പെടുത്തുമ്പോഴും കേരളം ഒറ്റപ്പെട്ട തുരുത്തായി ബിജെപിയെ പ്രതിരോധിക്കുന്നു. ഇത് തന്നെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വളരെ ചെറിയൊരു സംസ്ഥാനമായിട്ട് കൂടി കേരളം വലിയ രീതിയില്‍ ചര്‍ച്ചയാകാനുള്ള കാരണം. അതിനൊപ്പം ഇടതുപക്ഷം ഭരിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനം കൂടിയാണ് കേരളം. ഇക്കാരണത്താലും കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളുണ്ടാക്കുന്നു.
* തിരഞ്ഞെടുപ്പില്‍ കേരളം ചര്‍ച്ച ചെയ്ത വിഷയങ്ങള്‍
1. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള പോര്
'കേരളം ബിജെപിയെ പ്രതിരോധിക്കുന്നു' എന്ന പ്രചരണമാണ് ആദ്യം മുതല്‍ വോട്ടെടുപ്പ് കഴിയുന്നതുവരെ ദേശീയ തലത്തില്‍ ചര്‍ച്ചയായത്. കേരളം പിടിച്ചാല്‍ ദക്ഷിണേന്ത്യ മുഴുവന്‍ സ്വന്തമാക്കാമെന്ന പ്രതീക്ഷ ബിജെപിക്കുണ്ട്. അതുകൊണ്ട് തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങി ബിജെപിയുടെ നിരവധി കേന്ദ്ര നേതാക്കള്‍ കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയത്. ഒരു സീറ്റെങ്കിലും കേരളത്തില്‍ നിന്ന് പിടിക്കണമെന്നാണ് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിനു നിര്‍ദേശം നല്‍കിയത്.
മറുവശത്ത് ബിജെപി സര്‍ക്കാരിനെ കടന്നാക്രമിച്ചു കൊണ്ടാണ് എല്‍ഡിഎഫും യുഡിഎഫും പ്രധാനമായും തിരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ടു കൊണ്ടുപോയത്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരാണെന്ന് വ്യാപകമായി പ്രചരിപ്പിക്കാന്‍ എല്‍ഡിഎഫ് ശ്രമിച്ചു. അര്‍ഹതപ്പെട്ട കേന്ദ്ര വിഹിതം നല്‍കുന്നില്ലെന്നും കടമെടുപ്പ് പരിധി കുറച്ച് കേരളത്തെ സാമ്പത്തികമായി ഞെരുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കണക്കുകള്‍ സഹിതം വോട്ടര്‍മാര്‍ക്കിടയില്‍ അവതരിപ്പിക്കുകയായിരുന്നു ഇടതുപക്ഷത്തിന്റെ പ്രധാന ആയുധം. അതിനായി സോഷ്യല്‍ മീഡിയയെ വിദഗ്ധമായി ഉപയോഗിക്കുകയും ചെയ്തു.
2. രാഹുല്‍ ഗാന്ധിയുടെ വരവ്
2019 ലെ പോലെ രാഹുല്‍ ഗാന്ധിയുടെ കേരളത്തിലേക്കുള്ള വരവ് ഇത്തവണയും ചര്‍ച്ചയായി. വയനാട്ടില്‍ നിന്ന് രാഹുല്‍ വീണ്ടും ജനവിധി തേടിയപ്പോള്‍ ബിജെപി അത് രാഷ്ട്രീയ ആയുധമാക്കി. അമേഠിയില്‍ തോല്‍വി ഭയന്ന് കേരളത്തിലെ സുരക്ഷിത മണ്ഡലത്തിലേക്ക് രാഹുല്‍ വീണ്ടും എത്തിയിരിക്കുന്നു എന്ന പ്രചരണം ബിജെപി ആവര്‍ത്തിച്ചു. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് ദക്ഷിണേന്ത്യയില്‍ ഒന്നാകെ ചലനം സൃഷ്ടിക്കുമെന്ന പ്രതിരോധമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. അതേസമയം 2019 ലെ പോലെ 'രാഹുല്‍ തരംഗം' കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രകടമായില്ല. മാത്രമല്ല രാഹുലിന് 2019 ലെ ഭൂരിപക്ഷം കിട്ടില്ലെന്ന് വോട്ടെടുപ്പിന് ശേഷം കോണ്‍ഗ്രസും വിലയിരുത്തുന്നു.
2019 ല്‍ എന്‍ഡിഎയ്ക്ക് വേണ്ടി ബിഡിജെഎസ് ആണ് വയനാട്ടില്‍ മത്സരിച്ചത്. ഇത്തവണ കേരളത്തില്‍ രാഹുലിനോട് ഏറ്റുമുട്ടുന്നു എന്ന പ്രതീതി ഉണ്ടാക്കാന്‍ ബിജെപി വയനാട്ടില്‍ മത്സരിച്ചു. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ തന്നെ അവിടെ സ്ഥാനാര്‍ഥിയാക്കി. ബിജെപി ദേശീയ നേതൃത്വം അടക്കം ഇടപെട്ടാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് തീരുമാനിച്ച് നില്‍ക്കുകയായിരുന്ന സുരേന്ദ്രനെ വയനാട്ടിലെ സ്ഥാനാര്‍ഥിയാക്കിയത്. അതേസമയം ദേശീയ നേതാവ് ആനി രാജയെ രംഗത്തിറക്കി സിപിഐയും വയനാട്ടില്‍ ശക്തമായ രാഷ്ട്രീയ പോരാട്ടത്തിനു ഇറങ്ങി.
Congress Leaders Kerala - Lok Sabha Election 2024 - Kerala Round Up
3. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം
കേരളത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഏറെ നിര്‍ണായകമാണ്. ന്യൂനപക്ഷ വോട്ടുകളെ ഏകീകരിക്കാനാണ് എല്‍ഡിഎഫും യുഡിഎഫും തുടക്കം മുതല്‍ ശ്രമിച്ചത്. അതില്‍ തന്നെ മുസ്ലിം വോട്ടുകളായിരുന്നു നിര്‍ണായകം. ഇതിനുവേണ്ടി എല്‍ഡിഎഫും യുഡിഎഫും ശക്തമായി പ്രചാരണം നടത്തി. 'ഇന്നത്തെ കോണ്‍ഗ്രസ് നാളെത്തെ ബിജെപി' എന്ന പ്രചാരണമാണ് എല്‍ഡിഎഫ് നടത്തിയത്. രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഉത്തരേന്ത്യയില്‍ മൃദുഹിന്ദുത്വത്തിനൊപ്പം ആണെന്ന് എല്‍ഡിഎഫ് ആരോപിച്ചു. മോദിയും പിണറായിയും ഒരേ നാണയത്തിന്റെ രണ്ട് ഭാഗങ്ങളാണെന്ന് തിരിച്ചടിച്ചായിരുന്നു യുഡിഎഫിന്റെ പ്രചരണം.
പൗരത്വ ഭേദഗതി നിയമത്തില്‍ അടക്കം ന്യൂനപക്ഷത്തിനൊപ്പം ഉറച്ചുനിന്നത് ഇടതുപക്ഷമാണെന്ന് എല്‍ഡിഎഫ് വാദിച്ചു. ദേശീയ തലത്തില്‍ തന്നെ തങ്ങള്‍ പൗരത്വ ഭേദഗതി നിയമത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ന്യൂനപക്ഷങ്ങള്‍ക്ക് അതില്‍ വിശ്വാസമുണ്ടെന്നും യുഡിഎഫും വാദിച്ചു. ന്യൂനപക്ഷ വോട്ടുകള്‍ ഏത് രീതിയില്‍ ഏകീകരിക്കപ്പെട്ടു എന്നതാകും കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുക.
4. മണിപ്പൂര്‍ വിഷയവും ക്രൈസ്തവ വോട്ടുകളും
2019 ല്‍ ക്രൈസ്തവ വോട്ടുകളില്‍ കടന്നുകയറാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇത്തവണ അങ്ങനെയൊരു സാഹചര്യമായിരുന്നില്ല. മണിപ്പൂരില്‍ ക്രൈസ്തവര്‍ക്കെതിരെ അക്രമങ്ങള്‍ നടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിശബ്ദനായിരുന്നു എന്നാണ് എല്‍ഡിഎഫും യുഡിഎഫും പ്രചാരണം നടത്തിയത്. ഇത് ക്രൈസ്തവ വോട്ടര്‍മാരെ വലിയ രീതിയില്‍ സ്വാധീനിച്ചു. മണിപ്പൂര്‍ വിഷയത്തില്‍ കേരളത്തിലെ സഭകളെല്ലാം ബിജെപിക്ക് എതിരായ നിലപാടാണ് തുടക്കം മുതല്‍ സ്വീകരിച്ചത്. വോട്ടെടുപ്പ് ദിവസവും ക്രൈസ്തവ സമൂഹത്തിനു ബിജെപിയോടുള്ള എതിര്‍പ്പ് പ്രകടമായി. തൃശൂര്‍ അതിരൂപത അധ്യക്ഷന്‍ മാര്‍.ആന്‍ഡ്രൂസ് താഴത്ത് വോട്ട് ചെയ്ത ശേഷം പരസ്യമായി പറഞ്ഞത് 'മണിപ്പൂരും തിരഞ്ഞെടുപ്പില്‍ പ്രകടമാകും' എന്നാണ്.
5. വോട്ടെടുപ്പിന് ശേഷവും ചൂടുപിടിച്ച വടകര പോര്
പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായത് മുതല്‍ കേരളത്തില്‍ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പോരാട്ടം നടന്ന മണ്ഡലമാണ് വടകര. 2009ലും 2014ലും യുഡിഫിന്റെ ഒപ്പം നിന്ന വടകര മണ്ഡലത്തില്‍ നിന്നും 84,663 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് 2019 ല്‍ വിജയിച്ചത്. ഇരുമുന്നണികള്‍ക്കും നാല് ലക്ഷത്തിലധികം വോട്ടുകള്‍ ഉറപ്പുള്ള മണ്ഡലത്തില്‍ ഭരണം തിരികെ പിടിക്കുക എന്ന ലക്ഷ്യവുമായി ഇക്കുറി ശക്തയായ സ്ഥാനാര്‍ഥിയെയാണ് എല്‍ഡിഎഫ് മത്സരരംഗത്തിറക്കിയത്. കഴിഞ്ഞ പിണറായി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായി മികച്ച റെക്കോര്‍ഡുള്ള കെ.കെ.ശൈലജയെയാണ് എല്‍ഡിഎഫ് മണ്ഡലം തിരികെ പിടിക്കാനായി നിയോഗിച്ചത്. ഈ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് വടകര വാര്‍ത്തകളില്‍ നിറയുന്നത്.
കെ.മുരളീധരന്‍ സിറ്റിംഗ് എംപിയായുള്ള മണ്ഡലം കോണ്‍ഗ്രസ് എളുപ്പത്തില്‍ നിലനിര്‍ത്തുമെന്ന വിലയിരുത്തലുകള്‍ തെറ്റുന്നത് കെ.കെ.ശൈലജയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെയായിരുന്നു. ഇതോടെ ഇരു കക്ഷികള്‍ക്കും വലിയ വോട്ടുബാങ്കുള്ള മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകള്‍ പ്രധാന്യമുള്ളതായി മാറി. പാലക്കാട് സിറ്റിംഗ് എല്‍എല്‍എ ആയ ഷാഫി പറമ്പില്‍ വടകരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുന്നത് ഈ വോട്ടുകള്‍ കൂടി ലക്ഷ്യമിട്ടാണ്. ഇതോടെ വടകരയില്‍ ഇഞ്ചോടിഞ്ച് മത്സരം നടക്കുമെന്ന് ഉറപ്പാകുകയും ചെയ്തു.
പ്രതീക്ഷിച്ചത് പോലെ പ്രചാരണസമയത്ത് ശക്തമായ കൊടുക്കല്‍ വാങ്ങലുകള്‍ വടകരയിലെ സ്ഥാനാര്‍ഥികള്‍ തമ്മില്‍ നടന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ കെ.കെ.ശൈലജയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നത് വരെ കാര്യങ്ങള്‍ നീങ്ങി. ഷാഫി പറമ്പിലിന്റെ സമ്മതത്തോടെയാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നതെന്ന ശൈലജയുടെ ആരോപണവും വിവാദം ചൂട് പിടിക്കുന്നതിനിടയാക്കി. തന്റെ മോര്‍ഫ് ചെയ്ത അശ്ലീല വീഡിയോ പ്രചരിപ്പിച്ചു എന്നതായിരുന്നു ശൈലജയുടെ ആരോപണം. ഇതോടെ തന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കാനാണ് രാഷ്ട്രീയ ആരോപണം ഉന്നയിച്ചതെന്ന് ആരോപിച്ച് ശൈലജയ്‌ക്കെതിരെ ഷാഫി പറമ്പില്‍ വക്കീല്‍ നോട്ടീസ് അയച്ചത് വോട്ടെടുപ്പിന് ശേഷവും വടകരയിലെ പോര് തുടരുന്നതിന് കാരണമായി. അതിനാല്‍ തന്നെ ജൂണ്‍ അഞ്ചിന് വോട്ടെണ്ണുമ്പോള്‍ സംസ്ഥാനം ഏറ്റവും ഉറ്റുനോക്കുന്ന മണ്ഡലമാണ് ഇത്തവണ വടകര.
6. ഭരണവിരുദ്ധ വികാരവും കോണ്‍ഗ്രസ് നേതാക്കളുടെ ബിജെപിയിലേക്കുള്ള പോക്കും
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്ന് ആവര്‍ത്തിക്കാനാണ് പ്രചാരണത്തില്‍ ഉടനീളം ബിജെപിയും കോണ്‍ഗ്രസും ശ്രമിച്ചത്. ഭരണവിരുദ്ധ വികാരം വോട്ടാകുമെന്ന് രണ്ട് കൂട്ടര്‍ക്കും പ്രതീക്ഷ ഉണ്ടായിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്നും ജനങ്ങള്‍ ഇടതുപക്ഷ സര്‍ക്കാരിനെ കൊണ്ട് പൊറുതിമുട്ടിയെന്നും കോണ്‍ഗ്രസ് പരിഹസിച്ചു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ബിജെപിയിലേക്കുള്ള പോക്ക് ചൂണ്ടിക്കാണിച്ചാണ് ഇടതുപക്ഷം ഈ ആരോപണങ്ങളെ മറികടക്കാന്‍ ശ്രമിച്ചത്. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന കെ.കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത് എല്‍ഡിഎഫ് രാഷ്ട്രീയ ആയുധമാക്കി. പത്മജയെ പോലെ പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ബിജെപിയില്‍ ചേരുമെന്ന് ഇടതുപക്ഷം പ്രചാരണം നടത്തി.
LDF Election Campaign - Lok Sabha Election 2024 - Kerala Round Up
തിരഞ്ഞെടുപ്പ് ഫലം - മുന്നണികളുടെ വിലയിരുത്തല്‍
എല്‍ഡിഎഫ്
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 12 സീറ്റ് വരെ ലഭിച്ചേക്കാമെന്നാണ് സിപിഎം വിലയിരുത്തല്‍. തിരഞ്ഞെടുപ്പില്‍ ഇത്തവണ മികച്ച പ്രകടനം ഇടതുമുന്നണി കാഴ്ചവയ്ക്കുമെന്നും ഭരണവിരുദ്ധ വികാരമെന്ന മാധ്യമ പ്രചരണത്തെ മറികടക്കാനായെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. 10 മുതല്‍ 12 സീറ്റ് വരെ ലഭിച്ചേക്കുമെന്നാണ് സിപിഎം പ്രതീക്ഷ. ഇതില്‍ ആറ് സീറ്റുകള്‍ ഉറപ്പായും ലഭിക്കുമെന്ന് യോഗം വിലയിരുത്തി. തൃശൂര്‍, ആലത്തൂര്‍, മാവേലിക്കര, പാലക്കാട്, ആറ്റിങ്ങല്‍, കണ്ണൂര്‍ എന്നീ സീറ്റുകളിലാണ് നൂറ് ശതമാനം വിജയപ്രതീക്ഷ. കാസര്‍ഗോഡ്, വടകര, കോഴിക്കോട്, ഇടുക്കി, ചാലക്കുടി, പത്തനംതിട്ട എന്നീ മണ്ഡലങ്ങളിലും വിജയപ്രതീക്ഷയുണ്ട്. ബൂത്ത് തലത്തിലുള്ള പാര്‍ട്ടി കണക്കുകള്‍ പരിശോധിച്ച ശേഷമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. എല്‍ഡിഎഫിലെ രണ്ടാം ഘടകകക്ഷിയായ സിപിഐയും മികച്ച വിജയം പ്രതീക്ഷിക്കുന്നു. നാല് സീറ്റുകളിലാണ് സിപിഐ മത്സരിച്ചത്. അതില്‍ തൃശൂര്‍, മാവേലിക്കര എന്നീ മണ്ഡലങ്ങളില്‍ നൂറ് ശതമാനം ജയം ഉറപ്പെന്നാണ് സിപിഐ പറയുന്നത്. തിരുവനന്തപുരത്ത് ശക്തമായ ത്രികോണ പോരാട്ടം നടന്നിട്ടുണ്ട്, നേരിയ ഭൂരിപക്ഷത്തിനു എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍ ജയിച്ചേക്കാമെന്നും സിപിഐ വിലയിരുത്തുന്നു. ദേശീയ നേതാവ് ആനി രാജയാണ് വയനാട്ടില്‍ സിപിഐക്കായി മത്സരിച്ചത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം വലിയ തോതില്‍ കുറയ്ക്കാന്‍ ആനി രാജയ്ക്കു കഴിഞ്ഞിട്ടുണ്ടെന്നാണ് സിപിഐ വിലയിരുത്തുന്നത്. ബിജെപി എല്ലാ സീറ്റിലും മൂന്നാമതാകുമെന്നും ഇടതുപക്ഷം വിലയിരുത്തുന്നു.
യുഡിഎഫ് വിലയിരുത്തല്‍
2019 ലെ പോലെ കോണ്‍ഗ്രസ് തരംഗം യുഡിഎഫ് പ്രതീക്ഷിക്കുന്നില്ല. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, ചാലക്കുടി, കോഴിക്കോട്, വടകര, വയനാട്, കാസര്‍ഗോഡ് എന്നീ മണ്ഡലങ്ങളില്‍ നൂറ് ശതമാനം ജയം ഉറപ്പെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, ആലത്തൂര്‍, പാലക്കാട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ ശക്തമായ മത്സരം നടന്നിട്ടുണ്ട്. എങ്കിലും ജയസാധ്യത കൂടുതല്‍ തങ്ങള്‍ക്ക് തന്നെയെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. മുസ്ലിം ലീഗ് മത്സരിച്ച രണ്ട് സീറ്റിലും ജയം ഉറപ്പെന്നും യുഡിഎഫ് വിലയിരുത്തുന്നു.
BJP Candidate Suresh Gopi - Lok Sabha Election 2024
എന്‍ഡിഎ വിലയിരുത്തല്‍
സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടന്നതായി ബിജെപി വിലയിരുത്തുന്നത് രണ്ട് മണ്ഡലങ്ങളിലാണ്. തൃശൂരും തിരുവനന്തപുരവും. അതില്‍ തന്നെ കൂടുതല്‍ ജയസാധ്യതയുള്ളത് തൃശൂരാണെന്ന് ബിജെപി വിലയിരുത്തുന്നു. സിനിമാ താരം കൂടിയായ സുരേഷ് ഗോപിയാണ് തൃശൂരില്‍ മത്സരിച്ചത്. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ആണ് തിരുവനന്തപുരത്ത് ബിജെപിക്കായി മത്സരിച്ചത്. തൃശൂരും തിരുവനന്തപുരവും കൂടാതെ ആറ്റിങ്ങല്‍, ആലപ്പുഴ, പാലക്കാട് മണ്ഡലങ്ങളിലും ബിജെപി നേരിയ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നു.