Lok Sabha Election 2024: വടകരയില്‍ മുരളീധരനെ വീഴ്ത്തുക എളുപ്പമോ? കെ.കെ.ശൈലജയുടെ സാധ്യതകള്‍
മുസ്ലിം വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലമാണ് വടകര. കഴിഞ്ഞ തവണത്തെ പോലെ ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് ഏകീകരിക്കപ്പെടാന്‍ സാധ്യത കുറവാണ്
K Muraleedharan and KK Shailaja
Lok Sabha Election 2024: എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ശക്തമായ മത്സരം നടക്കാന്‍ സാധ്യതയുള്ള ലോക്‌സഭാ മണ്ഡലമാണ് വടകര. കോണ്‍ഗ്രസിനായി സിറ്റിങ് എംപി കെ.മുരളീധരനും സിപിഎമ്മിനായി മുന്‍ മന്ത്രി കെ.കെ.ശൈലജയുമാണ് ഇത്തവണ മത്സരിക്കുന്നത്. കെ.കെ.ശൈലജയുടെ വ്യക്തി പ്രഭാവമാണ് വടകരയില്‍ എല്‍ഡിഎഫ് പോസിറ്റീവായി കാണുന്നത്. കെ.മുരളീധരനെ പോലെ ശക്തനായ നേതാവിനോട് മത്സരിച്ചു നിക്കാന്‍ ശൈലജയ്ക്ക് സാധിക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 84,663 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുരളീധരന്‍ വടകരയില്‍ ജയിച്ചത്. ആകെ പോള്‍ ചെയ്ത വോട്ടുകളുടെ 50 ശതമാനത്തിനു അടുത്ത് മുരളീധരന്‍ സ്വന്തമാക്കിയിരുന്നു. സമാന രീതിയിലുള്ള വിജയം ഇത്തവണ കോണ്‍ഗ്രസ് സ്വപ്‌നം കാണുന്നില്ല. 2019 ല്‍ ശക്തമായ ഇടത് വിരുദ്ധ തരംഗം ആഞ്ഞടിച്ചതും രാഹുല്‍ ഗാന്ധിയുടെ കേരളത്തിലേക്കുള്ള വരവുമാണ് കോണ്‍ഗ്രസിന് വമ്പിച്ച ഭൂരിപക്ഷം നേടിക്കൊടുത്തത്. ഇത്തവണ അങ്ങനെയൊരു സാഹചര്യമില്ലെന്നും കെ.കെ.ശൈലജ കൂടി എത്തിയതോടെ എല്‍ഡിഎഫ് ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ സാധ്യതയുണ്ടെന്നും കോണ്‍ഗ്രസ് തന്നെ വിലയിരുത്തുന്നു.
മുസ്ലിം വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലമാണ് വടകര. കഴിഞ്ഞ തവണത്തെ പോലെ ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് ഏകീകരിക്കപ്പെടാന്‍ സാധ്യത കുറവാണ്. ന്യൂനപക്ഷ വോട്ടുകള്‍ സിപിഎമ്മിലേക്കും കോണ്‍ഗ്രസിലേക്കുമായി വിഭജിക്കപ്പെടുകയും സിപിഎമ്മിന്റെ കേഡര്‍ വോട്ടുകള്‍ അടക്കം കൃത്യമായി പോള്‍ ചെയ്യപ്പെടുകയും ചെയ്താല്‍ യുഡിഎഫിന് കാര്യങ്ങള്‍ കടുപ്പമാകും. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ ജയിച്ചത് 3,306 വോട്ടുകള്‍ക്ക് മാത്രമാണ്. അന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എ.എന്‍.ഷംസീര്‍ നാല് ലക്ഷത്തിലേറെ വോട്ടുകള്‍ പിടിച്ചിരുന്നു. ഇത്തവണ ജനപ്രീതിയുള്ള കെ.കെ.ശൈലജ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എത്തുമ്പോള്‍ 2014 നു സമാനമായ സാഹചര്യമാണ് സിപിഎം പ്രതീക്ഷിക്കുന്നത്.