Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഹാത്‌മാഗാന്ധി: ഇന്ത്യയുടെ മനസിലെ നിത്യചൈതന്യം

മഹാത്‌മാഗാന്ധി: ഇന്ത്യയുടെ മനസിലെ നിത്യചൈതന്യം

ജോണ്‍സി ഫെലിക്‍സ്

, ബുധന്‍, 30 സെപ്‌റ്റംബര്‍ 2020 (10:55 IST)
മൂന്ന് ദശകങ്ങളോളം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ നയിച്ച ഋഷി തുല്യനായ രാഷ്ട്രപിതാവിന്‍റെ ഓര്‍മ്മകള്‍ക്കായുള്ള അവസരം കൂടിയാണ് ഈ ഗാന്ധി ജയന്തി ദിനം. ലോകം മുഴുവന്‍ ഈ ഒക്‍ടോബര്‍ രണ്ടിന് മഹാത്‌മാഗാന്ധിയുടെ ഓര്‍മ്മകളും സന്ദേശങ്ങളും നിറയും. 
 
1919ല്‍ ജാലിയന്‍ വാലാബാഗില്‍ സമാധാനപരമായി യോഗം ചേര്‍ന്നിരുന്ന ജനക്കൂട്ടത്തെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ ബ്രിട്ടീഷ് ഭരണാധികാരികളുടെ ക്രൂരത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ, ഇന്ത്യയുടെ, സ്വാതന്ത്ര്യദാഹത്തെ ഒട്ടും ഭയപ്പെടുത്തിയില്ല. ആയിടയ്ക്ക് കോണ്‍ഗ്രസിന്‍റെ മഹാനായ നേതാവ് ബാലഗംഗാധര തിലകന്‍ അന്തരിച്ചത് കോണ്‍ഗ്രസിന് ആഘാതമാവുകയും ചെയ്തു.
 
ഈ അവസരത്തില്‍, സത്യാഗ്രഹ സമരമുറയുടെ നേതാവായ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന ഗാന്ധിജിയില്‍ ഇന്ത്യ പുതിയ നേതാവിനെ കണ്ടെത്തി. ഇന്ത്യന്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും സ്വാതന്ത്ര്യം എന്ന ലക്‍ഷ്യത്തിനായി ഗാന്ധിയുടെ പിന്നില്‍ അണിനിരന്ന കാഴ്ചയായിരുന്നു പിന്നീട് കാണാന്‍ കഴിഞ്ഞത്.
 
ഗാന്ധിജി നേതൃ സ്ഥാനത്തേക്ക് വന്നതിനുശേഷം മൂന്ന് ദശകങ്ങളിലായി നടന്ന സഹന സമരങ്ങള്‍ ഇന്ത്യയെ സ്വാതന്ത്ര്യത്തിന്‍റെ പുലരിയില്‍ കൊണ്ടെത്തിച്ചു. 1920-22 കാലഘട്ടത്തില്‍ നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ ബ്രിട്ടീഷ് ഭരണാ‍ധികാരികളെ അങ്കലാപ്പിലാഴ്ത്താന്‍ ഗാന്ധിജിക്ക് സാധിച്ചു. ജനങ്ങള്‍ സ്കൂളുകളും കോളേജുകളും കോടതികളും ബഹിഷ്കരിച്ചു. നിസ്സഹകരണ പ്രസ്ഥാനം ശക്തി പ്രാപിച്ചപ്പോള്‍ ഭരണാധികാരികള്‍ ഗാന്ധിജിയെ അറസ്റ്റ് ചെയ്തു. ഗാന്ധിജിക്ക് ആറ് വര്‍ഷം തടവ് നല്‍കിയ കോടതി നടപടികള്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളും സശ്രദ്ധം വീക്ഷിക്കുകയായിരുന്നു.
 
1922ല്‍ മുംബൈയില്‍ ഉണ്ടായ ഹിന്ദു-മുസ്ലീം ലഹള ഗാന്ധിജിയെ കുറച്ചൊന്നുമായിരുന്നില്ല വേദനിപ്പിച്ചത്. ആ സമയം, പുത്രന്‍ ദേവദാസിനോട് മുംബൈയില്‍ പോയി ലഹളക്കാരോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടു. പുത്രനെ തന്നെ നഷ്ടമായാലും ഹിന്ദു-മുസ്ലീം ഐക്യത്തിനു വേണ്ടി അത് സഹിക്കാന്‍ ഇന്ത്യയുടെ ധീര ദേശാഭിമാനി തയ്യാറായിരുന്നു.
 
ഒടുവില്‍ സ്വാതന്ത്ര്യം കിട്ടിയപ്പോഴും തന്‍റെ ആശയങ്ങളില്‍. തന്‍റെ ജീവിതമാകുന്ന സന്ദേശത്തില്‍ പ്രചോദനം ഉള്‍ക്കൊള്ളുന്ന ഭാവിഭാരതത്തെയാണ് ഗാന്ധിജി സ്വപ്നം കണ്ടത്. നാഥുറാം ഗോഡ്സേ വെടിവച്ചുവീഴ്ത്തിയപ്പോള്‍ ഗാന്ധിജിയില്‍ നിന്നുയര്‍ന്ന ‘ഹേ റാം’ ഇന്നും ഭാരതജനതയെ ത്രസിപ്പിക്കുന്നു. ഗാന്ധിജിയുടെ മരിക്കാത്ത ഓര്‍മ്മകളിലാണ് ഈ രാജ്യം ഇന്നും പുലരുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയിലെ നാലു ലാബുകളില്‍ നിന്നുള്ള കൊവിഡ് നെഗറ്റീവ് ഫലം അംഗീരിക്കില്ല: ദുബായ്