എം ടി വാസുദേവൻ നായരുടെ രചനയിൽ ഹരിഹരൻ ഒരുക്കിയ ചരിത്ര സിനിമയാണ് പഴശ്ശിരാജ. തിയേറ്ററുകളിൽ വലിയ വിജയം നേടിയ ചിത്രം റിലീസ് ആയിട്ട് ഇന്നേക്ക് 11 വർഷം തികയുകയാണ്. 2009 ഒക്ടോബർ 16നാണ് ചിത്രം റിലീസ് ആയത്. പഴശ്ശിരാജയായി മമ്മൂട്ടി സിനിമയിൽ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്.
8 സംസ്ഥാന പുരസ്കാരങ്ങളും ദേശീയ അവാര്‍ഡുകളും നേടിയ ചിത്രത്തിലെ ഓരോ രംഗങ്ങളും ഇന്നും ചലച്ചിത്രപ്രേമികളുടെ മനസ്സുകളിൽ ഉണ്ടാകും. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകർഷിക്കുവാനും ചിത്രത്തിനായി. വൻ താരനിരയും മനോഹരമായ ദൃശ്യഭംഗിയും അതിനൊരു കാരണമായി മാറി.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച ചിത്രത്തിൽ ശരത് കുമാർ, ജഗതി ശ്രീകുമാർ, മനോജ് കെ ജയൻ, സുരേഷ് കൃഷ്ണ, നെടുമുടി വേണു, കനിഹ, പത്മപ്രിയ തുടങ്ങി വൻ താരനിര തന്നെ അണിനിരന്നു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി എന്നീ ഭാഷകളിൽ മൊഴിമാറ്റ ചിത്രമായും പഴശ്ശിരാജ പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തി.
ഇളയരാജ ഒരുക്കിയ സിനിമയിലെ പാട്ടുകളും ഇന്നും കേൾക്കാൻ കൊതിക്കുന്നവയാണ്. റസൂല്‍ പൂക്കുട്ടിയുടെ ശബ്ദമിശ്രണവും ശ്രദ്ധിക്കപ്പെട്ടു.