മലയാള സിനിമയുടെ ബോക്സോഫീസില്‍ മാര്‍ച്ചുമാസം വിസ്മയം തീര്‍ക്കുകയാണ്. പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി ഈ വര്‍ഷത്തെ ബ്ലോക് ബസ്റ്റര്‍ വിജയം നേടിക്കഴിഞ്ഞു. ഒരു പുതുമുഖനടന്‍റെ സിനിമ സ്വന്തമാക്കുന്ന ഏറ്റവും വലിയ വിജയമാണ് അമ്പത് ദിവസം പൂര്‍ത്തിയാക്കിയ ആദി നേടുന്നത്.
ജയസൂര്യ നായകനായ ‘ക്യാപ്ടന്‍’ ആണ് ഈ വര്‍ഷത്തെ മെഗാഹിറ്റുകളില്‍ ഒന്ന്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ബോക്സോഫീസ് പെര്‍ഫോമന്‍സാണ് ഈ സിനിമ കാഴ്ചവയ്ക്കുന്നത്. ജയസൂര്യയിലെ നടനും താരവും ഒന്നിച്ച ഗംഭീരപ്രകടനം തന്നെയാണ് ചിത്രത്തിന്‍റെ പോസിറ്റീവ് മാര്‍ക്ക്.
പുതിയ റിലീസുകളായ പൂമരവും ഇരയും അതിഗംഭീര വിജയമാണ് സ്വന്തമാക്കുന്നത്. കാളിദാസ് ജയറാം നായകനായ പൂമരം എല്ലാ സെന്‍ററുകളിലും ഹൌസ് ഫുള്ളായി മുന്നേറുകയാണ്. എബ്രിഡ് ഷൈന്‍റെ കഴിഞ്ഞ സിനിമയായ ആക്ഷന്‍ ഹീറോ ബിജു അതിന്‍റെ റിലീസിന്‍റെ ആദ്യദിനങ്ങളില്‍ നേരിട്ട വിമര്‍ശനത്തിന് സമാനമായ വിമര്‍ശനം പൂമരത്തിനുമുണ്ടായി. ആക്ഷന്‍ ഹീറോ ബിജു പിന്നീട് വന്‍ ഹിറ്റായി മാറി. അതുപോലെ തന്നെ പൂമരവും തകര്‍പ്പന്‍ വിജയത്തിലേക്ക് നീങ്ങുന്നതാണ് ഇപ്പോള്‍ കാണുന്നത്.
ദിലീപിന്‍റെ സ്വകാര്യജീവിതവുമായി എന്തെങ്കിലും ബന്ധമുള്ള സിനിമയാണെന്ന പ്രതീതിയുണര്‍ത്തിയാണ് ‘ഇര’ റിലീസിനെത്തിയത്. എന്നാല്‍ ദിലീപിന്‍റെ അറസ്റ്റും ഇരയുടെ കഥയും തമ്മില്‍ ഒരു ബന്ധവുമില്ല. ആദ്യപകുതി സമ്മിശ്രപ്രതികരണം നേടിയപ്പോള്‍ രണ്ടാം പകുതിയെക്കുറിച്ച് അഡാറ് റിപ്പോര്‍ട്ടാണ് ലഭിക്കുന്നത്. ക്ലൈമാക്സും സൂപ്പറായപ്പോള്‍ ഇര മിന്നുന്ന വിജയമാണ് ബോക്സോഫീസില്‍ സ്വന്തമാക്കുന്നത്.
ഈ നാലുചിത്രങ്ങളും ചേര്‍ന്ന് വിജയത്തിന്‍റെ നിലമൊരുക്കിയ ഇടത്തേക്കാണ് മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയുമൊക്കെ സിനിമകള്‍ ഇനി പ്രദര്‍ശനത്തിനെത്താന്‍ പോകുന്നത്. 2018ന്‍റെ ആദ്യപകുതി തുടര്‍ച്ചയായി വിജയങ്ങള്‍ സൃഷ്ടിച്ച് മലയാള സിനിമ മിന്നിത്തിളങ്ങുകയാണ്.