മാതൃഭൂമിക്കെതിരെ സലാം ബാപ്പു
പരസ്യം തരാത്തതിന്റെ ചൊരുക്ക് തീര്‍ത്തതാണോ?- മാതൃഭൂമിക്കെതിരെ സംവിധായകന്‍
ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ‘ഇര’ അടുത്തിടെയാണ് റിലീസ് ആയത്. ചിത്രത്തിന്റെ ക്ലൈമാക്സ് വരെ വെളിപ്പെടുത്തിക്കൊണ്ടായിരുന്നു മാതൃഭൂമി നിരൂപണം എഴുതിയത്. സംവിധായകന്‍ വൈശാഖ് ഉള്‍പ്പെടെയുള്ളവര്‍ ഈ നടപടിക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ, സംവിധായകന്‍ സലാം ബാപ്പുവും ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
ചെറിയ കാര്യത്തിന് കത്തി എടുത്ത് കുത്തുന്ന തെരുവ് ഗുണ്ടയുടെ നിലവാരത്തിലേക്ക് പത്രം തരം താഴരുതെന്ന് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പില്‍ സലാം ബാപ്പു പറഞ്ഞു. സലാം ബാപ്പു മാതൃഭൂമിയോടുള്ള തന്റെ സ്‌നേഹം നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് തന്റെ പ്രതിഷേധത്തെ അറിയിച്ചിരിക്കുന്നത്.
സലാം ബാപ്പുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
നിരവധി മഹത്തായ കലാകാരന്മാരെ മലയാളത്തിന് സംഭാവന ചെയ്യുകയും ചെറുപ്പക്കാരുടെ സാഹിത്യാഭിരുചികളെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചിട്ടുമുള്ള മലയാളത്തിലെ ലക്ഷണമൊത്ത സാഹിത്യ വാരികയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ്. ശുദ്ധമായ സാഹിത്യത്തെയും കലയെയും ജനകിയമാക്കിയമാക്കി നിലനിർത്തുന്നതിൽ മാതൃഭൂമി വഹിക്കുന്ന പങ്ക് ആർക്കും അവഗണിക്കാനും പറ്റില്ല.. ഏറ്റവും സത്യസന്ധതയോടെ വായനക്കാർ വായിച്ചിരുന്ന പത്രമാണ് മാതൃഭൂമി, പ്രസിദ്ധികരണം നിർത്തുന്നതുവരെ സിനിമയെ പ്രോത്സാഹിപ്പിക്കുന്നതിൽ കൂടെ നിന്ന സിനിമ വരികയാണ് ചിത്രഭൂമി... ഇത്രയും മഹത്തായ പാരമ്പര്യമുള്ള മാതൃഭൂമി അടുത്തകാലത്തായി സിനിമക്കെതിരായി, സിനിമയെ നശിപ്പിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നത് പ്രതിഷേധാർഹം തന്നെയാണ്,
ചെറുപ്പത്തിൽ പൊന്നാനിയിൽ നിന്നും ഗുരുവായൂർ നിന്നും തിരൂർ നിന്നും റിലീസ് സിനിമകൾ കാണുമ്പോൾ കഷ്ടപ്പെട്ട് ടിക്കറ്റിനായി ക്യു നിൽക്കുന്ന സമയത്ത് സിനിമ കണ്ടിറങ്ങുന്നവരിൽ ചില തെമ്മാടികൾ ക്ലൈമാക്സും സസ്‌പെൻസും ഉറക്കെ വിളിച്ചു പറഞ്ഞു പോകും ഒരു പ്രേക്ഷനെന്ന നിലയിൽ ആ സമയത്തുണ്ടാകുന്ന ദേഷ്യവും സങ്കടവും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്, സസ്പെൻസ് വെളിപ്പെടുത്തുന്ന തെമ്മാടി കൂട്ടങ്ങളെ നാട്ടുകാർ കൈകാര്യം ചെയ്യുന്നത് പലപ്പോഴും ഞാൻ സാക്ഷ്യം വഹിച്ചിട്ടുമുണ്ട്, ഈ അവസ്ഥയിലേക്ക് മലയാളത്തിന്റെ പ്രിയപ്പെട്ട പത്രം തരംതാണു പോകരുത് , കാണാനിരിക്കുന്ന സിനിമയുടെ ക്ലൈമാക്സ് വെളിപ്പെടുത്താൻ ഏത് അടുത്ത കൂട്ടുകാരനെയും നമ്മൾ അനുവദിക്കാറില്ല, ഇത് ഒരു പ്രേക്ഷകന്റെ അവകാശമാണ്...
വ്യക്തിപരമായി എനിക്ക് ഏറെ അടുപ്പമുള്ള സ്ഥാപനമാണ് മാതൃഭൂമി, അതിന്റെ തലപ്പത്തിരിക്കുന്ന പലരും സഹോദര തുല്ലൃരാണ്, ജീവനക്കാരുമായി അടുത്ത സൗഹൃദവും കാത്തു സൂക്ഷിക്കുന്നു, മാതൃഭൂമിയുടെ വിഷ്വൽ മീഡിയയിലെ ആദ്യ ചുവടുവെപ്പായ mb tv യുടെ മാതൃഭൂമി കലോത്സവത്തിന്റെ കൂടെ കേരളമൊട്ടുക്ക് സഞ്ചരിക്കാൻ ക്യാമറക്ക് പുറകിൽ ഞാനുമുണ്ടായിരുന്നു... എനിക്ക് ആദ്യമായി സ്വതന്ത്രമായി ഒരു വർക്ക് തരാൻ ധൈര്യം കാണിച്ചത് മാതൃഭുമിയാണ്, തിരുവന്തപുരത്ത് വെച്ച് നടന്ന ആദ്യ ഗൃഹലക്ഷ്മി അവാർഡ്. എന്റെ സിനിമകൾക്ക് അകമഴിഞ്ഞ പിന്തുണ നൽകുന്നതിൽ മാതൃഭൂമി ഒരു മടിയും കാണിച്ചിട്ടുമില്ല, അത് കൊണ്ടുതന്നെ എന്റെ ശീലം മാതൃഭൂമി പത്രവും ചാനലുമാണ് എന്നിരുന്നാലും പറയട്ടെ മാതൃഭൂമി പോലെ ഒരു പത്രം സിനിമാ നിരൂപണം നടത്തുമ്പോൾ കുറച്ചൊക്കെ ഔചിത്യം പാലിച്ചാൽ നല്ലതായിരുന്നു.. ഇത് നിങ്ങൾക്ക് പരസ്യം തരാത്ത സിനിമാക്കാരോടുള്ള ചൊരുക്ക് തീർക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് പ്രേക്ഷകരെയാണ്, അവരുടെ ആസ്വദിക്കാനുള്ള അവകാശത്തെയാണ്... നിങ്ങൾ വിമർശിച്ച പല ചിത്രങ്ങളും ബോക്സ് ഓഫീസിൽ വിജയം കൈവരിച്ചത് നമ്മൾ കണ്ടതാണ്, എന്നാൽ സ്വപ്നസാക്ഷാത്കാരമായി ചെറുപ്പക്കാർ കഷ്ടപ്പെട്ട് സിനിമ ഒരുക്കി പ്രതിക്ഷയോട് വരുമ്പോൾ അവരെ എഴുതി നശിപ്പിക്കാതിരിക്കാനുള്ള നന്മ മാതൃഭൂമിയിൽ നിന്ന് പ്രതീക്ഷിക്കുന്നു.. വിമർശിക്കുന്നത് വളരാൻ ആയിരിക്കണം...
പത്രം എന്നത് ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ അവകാശത്തിന്റെ പ്രതീകമാണു, അത് ചെറിയ കാര്യത്തിനു കത്തി എടുത്തു കുത്തുന്ന തെരുവ് ഗുണ്ടയുടെ നിലവാരത്തിലേക്ക് തരം താഴരുത്. പത്രം നിലനിൽക്കുന്നത്, നില നിൽക്കേണ്ടത് ജനങ്ങളുടെ മനസ്സിലാണു, മറ്റ് ബിസിനസ് പോലെയല്ല; ഇത് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരേണ്ടതില്ലലോ, ജനങ്ങളുടേയും വ്യക്തികളുടേയും അവകാശത്തെ ഹനിക്കലാണു പത്രധർമ്മം എന്നാണു മാതൃഭൂമി കരുതുന്നതെങ്കിൽ പ്രത്യേകിച്ച് ഒന്നും പറയാനില്ല, ഒരു കാര്യം ഓർമ്മിപ്പിക്കാം, ചരിത്രം നിർമ്മിച്ചവർ, ചരിത്രത്തിനു ഒപ്പം നടന്നവർ ചരിത്രത്തിന്റെ ചവറ്റ് കൊട്ടയിൽ വീഴും. ദയവു ചെയ്ത് വഴികാട്ടിയില്ലെക്കിലും വഴിയടക്കരുത്.