"ഒരുപാട് വേദനകളിലൂടെ കടന്നുപോയി, എന്നിട്ടും നീ തളർന്നില്ല... അഭിമാനം തോന്നുന്നു"; വൈകാരിക കുറിപ്പുമായി റഹ്മാൻ
"മുപ്പത് വയസ് ഒന്നിന്റേയും അവസാനമല്ല, മറിച്ച് നിന്റെ യാത്രയുടെ തുടക്കമാണ്"
മകളുടെ മുപ്പതാം ജന്മദിനത്തിൽ വൈകാരിക കുറിപ്പുമായി മലയാളികളുടെ പ്രിയ നടൻ റഹ്മാൻ. ഒരുപാട് വേദനകളിലൂടെ തന്റെ മകൾ കടന്നു പോയെന്നും എന്നാൽ അതെല്ലാം വളരേ കരുത്തോടെ അതിജീവിച്ചത് കാണുമ്പോൾ അച്ഛനെന്ന നിലയിൽ ഒരുപാട് അഭിമാനം തോന്നുന്നു എന്നും റഹ്മാൻ പറയുന്നു.
മുപ്പത് വയസ് ഒന്നിന്റേയും അവസാനമല്ല, മറിച്ച് നിന്റെ യാത്രയുടെ തുടക്കമാണ്. നിനക്ക് ആരോടും ഒന്നും തെളിയിക്കാനോ ഒന്നിനെക്കുറിച്ചും വിശദീകരിക്കാനോ ഇല്ല. നിന്റെ യാത്ര നിന്റേത് മാത്രമാണ്... അവിടെയാണ് നീ ആയിരിക്കേണ്ടതെന്നും റഹ്മാൻ പറയുന്നു.
"എന്റെ പ്രിയപ്പെട്ട മകൾക്ക്, ഇന്ന് നിനക്ക് മുപ്പത് വയസ് തികയുകയാണ്. ഇത് വെറും പ്രായത്തിന്റെ ഒരു കണക്കല്ല, മറിച്ച് നിന്റെ ധൈര്യത്തിന്റെയും വളർച്ചയുടെയും അതിജീവനത്തിന്റെയും നാഴികക്കല്ലാണ്. ഒരിക്കലും അർഹിക്കാത്ത തരത്തിലുള്ള വേദനകളിലൂടെ നീ കടന്നുപോയിട്ടുണ്ട്.. ഞാൻ അത് കണ്ടിട്ടുണ്ട്. പക്ഷെ അതിനെയെല്ലാം നീ നിശബ്ദമായി നേരിട്ടു. ഒരുപാട് വേദന സഹിച്ചു. അതെല്ലാം തരണം ചെയ്ത് മുന്നോട്ട് പോകാൻ തീരുമാനിച്ചു. നീ എത്രമാത്രം ധീരയാണെന്ന് കാണിച്ചുതന്നു.
ജീവിതം നിന്നോട് ഒരിക്കലും കരുണ കാണിച്ചിരുന്നില്ല. പക്ഷെ നീ സഹിച്ചു, അതിൽ നിന്ന് ഒരുപാട് പഠിച്ചു. മറ്റുള്ളവരോട് അനുകമ്പയുള്ളവളും ഒരിക്കലും ആരോടും വിദ്വേഷം തോന്നാത്തവളുമായ നിന്നെ കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് വളരെയധികം അഭിമാനം തോന്നുന്നു.
മുപ്പത് എന്നത് ഒരു അവസാനമല്ല, അതൊരു ശക്തമായ തുടക്കമാണ്. നിന്നെത്തന്നെ തിരിച്ചറിയാനും, നിന്റെ മൂല്യം തിരിച്ചറിയാനും സ്വയം സന്തോഷം കണ്ടെത്താനുമുള്ള പുതിയ അധ്യായത്തിനാണ് ഇവിടെ തുടക്കം കുറിക്കുന്നത്. നിനക്ക് ആരോടും ഒന്നും തെളിയിക്കാനോ ഒന്നിനെക്കുറിച്ചും വിശദീകരിക്കാനോ ഇല്ല. ഈ യാത്ര നിന്റേത് മാത്രമാണ്... നീ നീയായി ഇരുന്നാൽ മതി.
മുൻപ് എത്രത്തോളം കഠിനമായ ദിവസങ്ങളിലൂടെയാണോ കടന്നുപോയത്, അതിനേക്കാളും ശക്തയാണ് നീ ഇപ്പോൾ. ജീവിതം നിന്നെ എവിടെ എത്തിച്ചാലും, എന്റെ പ്രാർത്ഥനകളും വിശ്വാസവും അഭിമാനവും നിഴലായി നിന്റെ കൂടെയുണ്ടാകും. വരാനിരിക്കുന്ന വർഷങ്ങൾ നിനക്ക് സമാധാനവും സന്തോഷവും നൽകുമെന്ന് ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു.
എന്റെ പ്രിയപ്പെട്ട മകളേ... നിനക്ക് 30-ാം ജന്മദിനാശംസകൾ... ഏറ്റവും നല്ലത് നിനക്കായി കാത്തിരിക്കുന്നുണ്ട്... ഞാൻ എന്നും കൂടെയുണ്ടാകും, സ്നേഹത്തോടെ, അച്ഛൻ..."- റഹ്മാൻ ഫേസ്ബുക്കിൽ കുറിച്ചു