“നിങ്ങള്‍ മുജ്ജന്‍‌മത്തില്‍ മുക്കുവനായിരുന്നോ?” - അമരം കഴിഞ്ഞ് ലോഹിതദാസ് ഒരുദിവസം മമ്മൂട്ടിയോട് ചോദിച്ചു!

Webdunia
ബുധന്‍, 3 ഏപ്രില്‍ 2019 (15:27 IST)
സ്നേഹത്തിന്‍റെ കഥയായിരുന്നു അമരം. അച്ചൂട്ടി എന്ന അച്ഛനും മുത്ത് എന്ന മകളും തമ്മിലുള്ള സ്നേഹത്തിന്‍റെ കഥ. മുത്തും രാഘവനും തമ്മിലുള്ള സ്നേഹത്തിന്‍റെ കഥ. അച്ചൂട്ടിയും കൊച്ചുരാമനും തമ്മിലുള്ള സൗഹൃദത്തിന്‍റെ കഥ. സ്നേഹക്കൂടുതല്‍ കൊണ്ടുണ്ടാകുന്ന സംഘര്‍ഷങ്ങളാണ് അമരത്തില്‍ ലോഹിതദാസ് സൃഷ്ടിച്ചത്. ചെമ്മീനിന് ശേഷം കടലിരമ്പത്തിന്‍റെ ആഴമുള്ള ഒരു സിനിമ അമരത്തിലൂടെ മലയാളത്തിന് ലഭിച്ചു. ഭരതനായിരുന്നു സംവിധായകന്‍.
 
കടലിന്‍റെ പശ്ചാത്തലത്തില്‍ ഒരു സിനിമ വേണമെന്ന് ഭരതന്‍ തീരുമാനിക്കുകയും തിരക്കഥാകാരനായി ലോഹിയെ നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍ പല കഥകളും ആലോചിച്ചെങ്കിലും ഒന്നും ലോഹിക്ക് തൃപ്തിയായില്ല. ആരുടെയെങ്കിലും മുമ്പില്‍ കഥ പറയുന്നതില്‍ ലോഹി ഒരു വിദഗ്ധനായിരുന്നില്ല. കഥ പൂര്‍ണമായും ചര്‍ച്ച ചെയ്തതിന് ശേഷം തിരക്കഥയെഴുതുന്ന സമ്പ്രദായവും ലോഹിക്ക് പരിചയമില്ലായിരുന്നു. ലോഹിയുടെ ഈ വഴക്കമില്ലായ്മ ആദ്യമൊക്കെ ഭരതനില്‍ നീരസമുണ്ടാക്കിയിരുന്നു. ഭരതന്‍റെ സമാധാനത്തിന് വേണ്ടി ഒരു കഥ തട്ടിക്കൂട്ടിയെങ്കിലും അത് ലോഹി പിന്നീട് ഉപേക്ഷിച്ചു.
 
കഥ തേടി കടപ്പുറങ്ങളിലൂടെ അലയുക ലോഹിതദാസ് പതിവാക്കി. അങ്ങനെയിരിക്കെ, ഒരു ദിവസം ലോഹി കടപ്പുറത്തുവച്ച് ഒരു കാഴ്ച കണ്ടു. തിരകള്‍ക്കൊപ്പം കളിച്ചുരസിച്ചിരുന്ന ഒരു ചെറിയ പെണ്‍കുട്ടിയെ അവളുടെ അച്ഛന്‍ വടി കൊണ്ടു തല്ലുകയും വലിച്ചിഴച്ചു കൊണ്ടുപോകുകയും ചെയ്യുന്നു. അയാള്‍ ഇങ്ങനെ പുലമ്പുന്നുണ്ടായിരുന്നു - “കടപ്പൊറം നെരങ്ങാണ്ട്.. പുള്ളാര്... നാലക്ഷരം പഠിക്കാനക്കൊണ്ട്...”
 
അവള്‍ കടപ്പുറത്ത് ചുറ്റി നടക്കുന്നത് അയാള്‍ക്കിഷ്ടമല്ല. മീന്‍‌കാരിയായി മകള്‍ മാറുന്നത് അയാള്‍ക്ക് സങ്കല്‍പ്പിക്കാനേ ആവില്ല. അവള്‍ വിദ്യാഭ്യാസം നേടണമെന്നും മികച്ച നിലയിലെത്തണമെന്നും പിതാവ് ആഗ്രഹിക്കുന്നു. അങ്ങനെയായിരിക്കുമോ സംഭവിക്കുക? അയാളുടെ പ്രതീക്ഷകളോട് അവള്‍ക്ക് നീതി പുലര്‍ത്താനാകുമോ? അയാളെ നിഷേധിച്ച് മകള്‍ തന്‍‌കാര്യം നോക്കിപ്പോയാല്‍....
 
ഒരു കഥയുടെ ചെറിയ ഇടിമുഴക്കം ലോഹിക്ക് അനുഭവപ്പെട്ടു തുടങ്ങി. ഭരതനുമായി ഇത് സംസാരിക്കുകയും അദ്ദേഹത്തിന് വളരെയേറെ ഇഷ്ടമാകുകയും ചെയ്തു. ഏതാനും സീനുകള്‍ എഴുതിക്കാണിക്കുക കൂടി ചെയ്തതോടെ ഭരതനും ലോഹിയും ഏകമനസു പോലെ പ്രവര്‍ത്തിച്ചു തുടങ്ങി.
 
അമരം ചരിത്ര വിജയം നേടി. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് അമരത്തിലെ അച്ചൂട്ടി. ഈ സിനിമയില്‍ അച്ചൂട്ടി ആഹാരം കഴിക്കുന്ന രീതി മമ്മൂട്ടി ലോഹിതദാസിനെ അനുകരിച്ചതാണ്. ചോറ് ഉരുളകളാക്കിയതിന് ശേഷം കഴിക്കുന്ന ആ ശൈലി ലോഹിയുടേതായിരുന്നു. അമരം കുടുംബത്തോടൊപ്പം തിയേറ്ററില്‍ കണ്ടുകഴിഞ്ഞപ്പോള്‍ ലോഹിതദാസിന് മമ്മൂട്ടിയെ ഒന്ന് കാണണമെന്ന് തോന്നി. ഒരു സിനിമയുടെ ലൊക്കേഷനിലെത്തി മമ്മൂട്ടിയെ കാണുമ്പോള്‍ ലോഹി ആദ്യം ചോദിച്ചത് ഇങ്ങനെയായിരുന്നു - “നിങ്ങള്‍ മുജ്ജന്മത്തില്‍ മുക്കുവനായിരുന്നോ?”.
 
അതിന് ചിരിയായിരുന്നു മമ്മൂട്ടിയുടെ മറുപടി. “മലയാള സിനിമ മരിക്കുവോളം നമ്മള്‍ ജീവിക്കില്ല, പക്ഷേ നമ്മുടെ അച്ചൂട്ടി ജീവിക്കും” - അതിയായ ആഹ്ലാദത്തോടെ ലോഹി പറഞ്ഞു. അതിന് മമ്മൂട്ടി പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു - “അച്ചൂട്ടി അങ്ങനെ ജീവിച്ചോട്ടേ. അച്ചൂട്ടിയെക്കാള്‍ കേമനായ ഒരാളെയും കൊണ്ട് വേഗം വരൂ”.
 
തന്നെ നായകനാക്കി ലോഹിതദാസ് ഉടന്‍ തന്നെ ഒരു കഥ ആലോചിക്കാനായിരുന്നു മമ്മൂട്ടിയുടെ ആ നിര്‍ദ്ദേശം. വൈകാതെ തന്നെ ലോഹിതദാസ് ‘കൌരവര്‍’ എഴുതിത്തുടങ്ങുകയും ചെയ്തു!

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

'വിവാഹത്തിന് മുമ്പ് അവര്‍ക്ക് എങ്ങനെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയും?' സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

ഉബര്‍ ആപ്പ് ഓഫ്ലൈനിലേക്ക്; കേരളത്തില്‍ നാളെ സൊമാറ്റോ, സ്വിഗ്ഗി, ആമസോണ്‍ ഡെലിവറികള്‍ ഉണ്ടാകില്ല

പോലീസിനുനേരെ വിസര്‍ജ്യം എറിയുമെന്ന് ഭീഷണി; സ്വര്‍ണ്ണമാല വിഴുങ്ങിയ സ്ത്രീ തൊണ്ടി മുതല്‍ കക്കൂസ് ക്ലോസറ്റില്‍ ഒഴുക്കി കളഞ്ഞു

മാളിലെ സംഘര്‍ഷം: പോലീസ് ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയ സംഭവം ശരിവച്ച് അന്വേഷണ റിപ്പോര്‍ട്ട്

അമ്മയുടെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

അടുത്ത ലേഖനം
Show comments