Publish Date: Tue, 02 Apr 2019 (11:34 IST)
Updated Date: Tue, 02 Apr 2019 (11:37 IST)
മമ്മൂട്ടിയും അമല്‍ നീരദും ആദ്യമായി ഒന്നിച്ചപ്പോൾ മലയാള സിനിമയ്ക്ക് കിട്ടിയത് 'ബിഗ് ബി'യെന്ന സ്റ്റൈലൻ ചിത്രം. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടൻ സംഭവിക്കും. ചിത്രത്തെക്കുറിച്ച് പിന്നീട് വാര്‍ത്തകളൊന്നും വരാതെയായതോടെ ആരാധകരും നിരാശയിലായി. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ തിരക്കഥയ്ക്ക് അന്തിമ രൂപമായെന്നാണ് സൂചന.
എം പദ്മകുമാറിന്റെ സംവിധാനത്തില്‍ പുരോഗമിക്കുന്ന മാമാങ്കത്തിന്റെ സെറ്റില്‍ അമല്‍ നീരദും സംഘവും ബിലാലിനായി മമ്മൂട്ടിയുമായി ചർച്ച നടത്തി. ഷൂട്ടിംഗ് എപ്പോള്‍ ആരംഭിക്കാനാകുമെന്നതിനും മറ്റ് പ്രൊഡക്ഷന്‍ കാര്യങ്ങളിലും ഏകദേശ ധാരണയായെന്നാണ് വിവരം.
ഉണ്ണി ആര്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അമല്‍ നീരദ് തന്നെയാണ്. ചിത്രത്തിന്റെ ആദ്യഭാഗം അവസാനിക്കുന്നത് 'അബു എന്ന പയ്യനെ ബിലാൽ കൂട്ടികൊണ്ട് പോകുന്നിടത്താണ്'. വർഷങ്ങൾക്ക് ശേഷം അമൽ നീരദ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുമ്പോൾ അബു വളർന്ന് വലുതായിട്ടുണ്ടാകുമെന്ന് ആരാധകർ പറയുന്നു.
ബിഗ് ബിയിൽ കണ്ട ബിലാൽ ജോൺ കുരിശിങ്കലിനേക്കാൾ മാസായിരിക്കും 'ബിലാൽ' എന്ന കാര്യത്തിൽ സംശയം വേണ്ട. എന്തായാലും 2018ൽ തന്നെ ബിലാൽ സംഭവിക്കും. അത് സംവിധായകൻ നൽകുന്ന ഉറപ്പാണ്. ആദ്യ ഭാഗത്തിന്റെ സൗന്ദര്യം ഒട്ടും നഷ്ടപ്പെടുത്താത്ത ഒരു രണ്ടാം ഭാഗം - അതാണ് 'ബിലാൽ'.
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും അടിപൊളി കഥാപാത്രങ്ങളിലൊന്നായിരുന്നു ബിലാല്‍. ജെയിംസ്, ശിവ, ഡര്‍ന സരൂരി ഹൈ തുടങ്ങിയ രാംഗോപാല്‍ വര്‍മ ചിത്രങ്ങളുടെ ക്യാമറാമാന്‍ എന്ന നിലയില്‍ നിന്ന് ബിഗ്ബിയിലൂടെ സംവിധായകനായി അമല്‍ നീരദ് മാറിയപ്പോള്‍, ആ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കാന്‍ അവസരം ലഭിച്ചത് സമീര്‍ താഹിറിനാണ്. ഗോപി സുന്ദറായിരുന്നു ബി ജി എം.
കൈയില്‍ നിറതോക്കുമായി കൊച്ചിയുടെ വിരിമാറിലൂടെ സ്ലോമോഷനിലൂടെ ഡോണ്‍ ലുക്കില്‍ നടന്നുനീങ്ങുന്ന മമ്മൂട്ടി ഉടന്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ ആരാധകര്‍ക്ക് ഇത് ആഘോഷകാലം. ബിഗ് ബിക്ക് ശേഷമുള്ള കഥയാണ് ബിലാല്‍ പറയുന്നത്.