മമ്മൂട്ടിയുടെ അച്ചായന്‍ കഥാപാത്രങ്ങള്‍ മിന്നിക്കും എന്ന കാര്യത്തില്‍ സംശയമൊന്നുമില്ലല്ലോ. കൃത്യമായ ഇടവേളകളില്‍ മമ്മൂട്ടി അത്തരം കഥാപാത്രങ്ങളെ നല്‍കി ആരാധകരെ തൃപ്തിപ്പെടുത്താറുണ്ട്. സംഘവും കോട്ടയം കുഞ്ഞച്ചനുമായിരുന്നു അത്തരത്തില്‍ ആദ്യകാലത്ത് വന്ന മമ്മൂട്ടിച്ചിത്രങ്ങള്‍. നസ്രാണിയും തോപ്പില്‍ ജോപ്പനും വരെ അതിന്‍റെ തുടര്‍ച്ചയായിരുന്നു.
ജോഷി സംവിധാനം ചെയ്ത ‘നസ്രാണി’ 2007 ഒക്‍ടോബര്‍ 12നാണ് റിലീസ് ചെയ്തത്. രഞ്ജിത്തിന്‍റേതായിരുന്നു തിരക്കഥ. ഡേവിഡ് ജോണ്‍ കൊട്ടാരത്തില്‍ എന്ന കിടിലന്‍ അച്ചായനായി മമ്മൂട്ടി കസറി.
മമ്മൂട്ടിയെക്കൂടാതെ വിജയരാഘവന്‍, വിമല രാമന്‍, റിസബാവ, ക്യാപ്ടന്‍ രാജു, കലാഭവന്‍ മണി, ജഗതി ശ്രീകുമാര്‍, മുക്ത, ലാലു അലക്സ്, കെ പി എ സി ലളിത തുടങ്ങിയവര്‍ക്കും ഈ സിനിമയില്‍ ഗംഭീര കഥാപാത്രങ്ങളെ ലഭിച്ചു.
ബിജിബാല്‍ സംഗീതം നല്‍കിയ നസ്രാണി നിര്‍മ്മിച്ചത് ദോഹ രാജനായിരുന്നു. മരിക്കാര്‍ ഫിലിംസായിരുന്നു വിതരണം. വലിയ പ്രതീക്ഷകളോടെയെത്തിയ ചിത്രം ശരാശരി വിജയം മാത്രമാണ് നേടിയത്. എന്നാല്‍ ഡേവിഡ് ജോണ്‍ കൊട്ടാരത്തില്‍ എന്ന മമ്മൂട്ടി കഥാപാത്രം ഇന്നും ഓര്‍മ്മിക്കപ്പെടുന്നു.
'നസ്രാണി'യാണ് ജോഷി - മമ്മൂട്ടി ടീം അവസാനമായി ചെയ്ത ചിത്രം. അതിന് ശേഷം ജോഷി കൂടുതലും മോഹന്‍ലാലുമൊത്താണ് സിനിമ ചെയ്തത്. പലതവണ മമ്മൂട്ടി - ജോഷി പ്രൊജക്‌ട് വരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും അതൊന്നും യാഥാര്‍ത്ഥ്യമായില്ല.