Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏകലവ്യന്‍ മമ്മൂട്ടി വേണ്ടെന്നുവച്ചതിന് പിന്നിലെ യഥാര്‍ത്ഥ കാരണം എന്ത് ?

ഏകലവ്യന്‍ മമ്മൂട്ടി വേണ്ടെന്നുവച്ചതിന് പിന്നിലെ യഥാര്‍ത്ഥ കാരണം എന്ത് ?

സുബിന്‍ ജോഷി

, ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (17:45 IST)
കേരളത്തില്‍ ഡ്രഗ് മാഫിയ പിടിമുറുക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്ന കാലം. അതിനെതിരെയാകട്ടെ തങ്ങളുടെ അടുത്ത സിനിമയെന്ന് ഷാജി കൈലാസും രണ്‍ജി പണിക്കരും തീരുമാനിച്ചു. ഒപ്പം, കപടസ്വാമിമാരുടെ മുഖംമൂടി പൊളിച്ചുകാട്ടണമെന്നും ആലോചിച്ചു. അതിന്‍റെ ഫലമായിരുന്നു ‘ഏകലവ്യന്‍’.
 
മാധവൻ ഐ പി എസ് എന്ന കഥാപാത്രത്തിനായി മമ്മൂട്ടിയെ ആയിരുന്നു ഷാജി കൈലാസും രഞ്ജിപണിക്കരും മനസ്സിൽ കണ്ടിരുന്നുന്നത്. മാധവനെ സഹായിക്കുന്ന ശരത് എന്ന പൊലീസ് ഉദ്യോഗസ്ഥനായി സുരേഷ് ഗോപിയെയും തീരുമാനിച്ചു. ചിത്രത്തിന്‍റെ കഥ മമ്മൂട്ടിയോട് പറഞ്ഞു. മമ്മൂട്ടിക്ക് സമ്മതമായിരുന്നു. എന്നാല്‍ പിന്നീട് മമ്മൂട്ടി ഈ പ്രൊജക്‍ടില്‍ നിന്ന് പിന്‍‌മാറുകയാണുണ്ടായത്. 
 
തിരക്കഥ വായിച്ചിട്ട് മമ്മൂട്ടി ‘ഇത് സുരേഷ്ഗോപി ചെയ്താല്‍ നന്നായിരിക്കും’ എന്ന നിര്‍ദ്ദേശം വച്ചു. താന്‍ അഭിനയിക്കുന്നില്ലെന്നും അറിയിച്ചു. എന്താണ് ആ തിരക്കഥ വേണ്ടെന്ന് വയ്ക്കാന്‍ മമ്മൂട്ടിയെ പ്രേരിപ്പിച്ച ഘടകം എന്ന് ഇന്നും ആര്‍ക്കും വ്യക്തമല്ല.

ചിത്രത്തിലെ ഡയലോഗുകള്‍ മമ്മൂട്ടിക്ക് ഇഷ്‌ടമായില്ല എന്നൊരു കാരണം പറഞ്ഞുകേട്ടിരുന്നു. മാത്രമല്ല, ഒരു പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അപ്പോള്‍ മമ്മൂട്ടി താല്‍പ്പര്യപ്പെട്ടുമില്ല. എന്നാല്‍ ‘മമ്മൂട്ടിക്ക് മാത്രമറിയാവുന്ന അജ്ഞാതമായ ഏതോ കാരണം’ എന്നാണ് ഷാജി കൈലാസ് ഈ പിന്‍‌മാറ്റത്തേക്കുറിച്ച് പിന്നീട് വ്യക്‍തമാക്കിയത്. 
 
മമ്മൂട്ടിയുടെ നിര്‍ദ്ദേശം പോലെ തന്നെ സുരേഷ് ഗോപിയെ നായകനാക്കാന്‍ തന്നെ ഷാജി കൈലാസ് തീരുമാനിച്ചു. സുരേഷ് ഗോപിക്കായി തീരുമാനിച്ചിരുന്ന ശരത് എന്ന കഥാപാത്രത്തെ സിദ്ദിക്കിനും നല്‍കി. ഈ സിനിമയോടെ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം മൂന്നാമത്തെ സൂപ്പര്‍താരമായി സുരേഷ്ഗോപി മാറി. മാധവനായി സുരേഷ്ഗോപി ജ്വലിച്ചു. സ്വാമി അമൂര്‍ത്താനന്ദ എന്ന കഥാപാത്രത്തെ നരേന്ദ്രപ്രസാദ് അനശ്വരമാക്കി.
 
“എടോ, സന്യാസിക്ക് തെമ്മാടിയാകാം. തെമ്മാടിക്ക് ഒരിക്കലും ഒരു സന്യാസിയാകാനാവില്ല. സെക്രട്ടേറിയറ്റിന്‍റെ പിന്നിലും കണ്ണിമേരാ മാര്‍ക്കറ്റിലും ഒന്നരയണയ്ക്ക് കഞ്ചാവ് വിറ്റുനടന്ന ഒരു ചരിത്രമില്ലേ തനിക്ക്?. അതെല്ലാം തെളിയിച്ചിട്ടേ മാധവന്‍ പോകൂ. ആയുഷ്മാന്‍ ഭവഃ” - ഏകലവ്യനിലെ ഡയലോഗുകള്‍ തിയേറ്ററുകളില്‍ ഇടിമുഴക്കം സൃഷ്ടിച്ചു.
 
ഒരു ആള്‍ദൈവത്തെ വില്ലനായി ചിത്രീകരിച്ചതിന്‍റെ ഭവിഷ്യത്തുകള്‍ ഏകലവ്യന്‍റെ റിലീസിന് ശേഷം ഷാജി കൈലാസും രണ്‍ജി പണിക്കരും അനുഭവിച്ചു. ഇരുവരുടെയും വീടുകള്‍ ആക്രമിക്കപ്പെട്ടു. സിനിമയുടെ പ്രദര്‍ശനം തടയാനും ശ്രമമുണ്ടായി. 150 ദിവസമാണ് കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഏകലവ്യന്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്.
 
“ആ കാലഘട്ടത്തില്‍ ഇന്ത്യയിലെ ഭരണം നിയന്ത്രിച്ചിരുന്നതു കുപ്രസിദ്ധനായ ഒരു സ്വാമിയായിരുന്നു. ആ സ്വാമിയെയാണ് നരേന്ദ്രപ്രസാദിലൂടെ ഞങ്ങള്‍ ചിത്രീകരിച്ചത്‌” - ഷാജി കൈലാസ് പിന്നീട് ഒരഭിമുഖത്തില്‍ വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മീരയ്‌ക്ക് കൂടുതല്‍ ഇഷ്‌ടം ഹരിയെയോ കൃഷ്‌ണനെയോ? ഉത്തരം കിട്ടാത്ത 22 വര്‍ഷങ്ങള്‍ !