മലയാള സിനിമയിലെ സ്വപ്നങ്ങളുടെ വ്യാപാരിയാണ് ഫാസില്‍. അദ്ദേഹത്തിന്‍റെ സിനിമകളിലെ കഥകള്‍ പലതും ഒരുകാലത്തും സംഭവിക്കാത്തതാവും. പക്ഷേ റിയാലിറ്റിയാണെന്ന് തോന്നുകയും ചെയ്യും. മോഹിപ്പിക്കുന്ന സിനിമകളാണ് ഫാസില്‍ എന്നും ചെയ്തിട്ടുള്ളത്. ആ മോഹവലയത്തില്‍ പെട്ടുപോകുമ്പോഴൊക്കെ പ്രേക്ഷകര്‍ ഫാസില്‍ ചിത്രങ്ങളെ വലിയ വിജയങ്ങളാക്കി മാറ്റുകയും ചെയ്യുന്നു.
ആദ്യകാലത്ത് ഫാസില്‍ നല്‍കിയ വലിയ ഹിറ്റുകളിലൊന്നാണ് ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’. മോഹന്‍ലാലും നദിയ മൊയ്തുവും ജോഡിയായ സിനിമ ഇന്നും പ്രേക്ഷകരുടെ ഇഷ്ട സിനിമ തന്നെ. ഇപ്പോഴും ചാനലുകളില്‍ ഏറ്റവുമധികം കാഴ്ചക്കാരുള്ള സിനിമകളിലൊന്നാണ് നോക്കെത്താദൂരത്ത്.
ആ സിനിമയില്‍ അഭിനയിക്കണമെന്ന് മമ്മൂട്ടി അതിയായി മോഹിച്ചിരുന്നു. മോഹന്‍ലാലിന്‍റെ സുഹൃത്തായ അലക്സി എന്ന കഥാപാത്രമായി ഫാസില്‍ മമ്മൂട്ടിയെയാണ് മനസില്‍ കണ്ടിരുന്നത്. മമ്മൂട്ടിയെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. ആ സിനിമയില്‍ അഭിനയിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു മമ്മൂട്ടിക്ക്. പക്ഷേ ഡേറ്റ് പ്രശ്നം കാരണം മമ്മൂട്ടിക്ക് ആ ചിത്രത്തിന്‍റെ ഭാഗമാകാനായില്ല.
ചിത്രത്തില്‍ നിര്‍ണായകമായ ഒരു ഘട്ടത്തില്‍ വലിയ വെളിപ്പെടുത്തലുമായി എത്തുന്ന കഥാപാത്രമാണ് അലക്‍സി. മമ്മൂട്ടി എത്താതായതോടെ ഫാസില്‍ തന്നെയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രേക്ഷകര്‍ ആ കഥാപാത്രത്തെ സ്വീകരിച്ചു. പക്ഷേ, മമ്മൂട്ടിയായിരുന്നു ആ റോളില്‍ എത്തിയിരുന്നതെങ്കില്‍ കൂടുതല്‍ വലിയ സ്വീകരണം ആ കഥാപാത്രത്തിന് ലഭിക്കുമായിരുന്നു.
1985ല്‍ പുറത്തിറങ്ങിയ നോക്കെത്താദൂരത്ത് കണ്ണുംനട്ട് ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറി. ഈ സിനിമയുടെ തമിഴ് റീമേക്ക് പൂവേ പൂചൂടവാ സൂപ്പര്‍ഹിറ്റ് ആയിരുന്നു.