ക്യാപ്‌സ്യൂള്‍ മോഡലിലുള്ള ലിഫ്റ്റ് ഇന്ന് ഒരു പുതുമയല്ല. പക്ഷേ, 1987ല്‍ അത് വളരെ പ്രത്യേകതയുള്ളതായിരുന്നു. ക്യാപ്‌സ്യൂള്‍ മോഡലിലുള്ള ലിഫ്റ്റിനുചുറ്റും ഗ്ലാസ് ആണ്. പുറത്തുള്ളവര്‍ക്ക് ആരാണ് ലിഫ്റ്റില്‍ പോകുന്നതെന്ന് കാണാം. അകത്തുള്ളവര്‍ക്കും പുറത്തെ ദൃശ്യങ്ങളെല്ലാം കാണാം. ഒരു ഹോട്ടലിന്‍റെ ലോബിയില്‍ ഇത്തരം രണ്ട് ലിഫ്റ്റുകള്‍ അടുത്തടുത്തായി വന്നാല്‍, അതില്‍ നമ്മുടെ സൂപ്പര്‍താരങ്ങള്‍ മുകളിലേക്കും താഴേക്കും പോകുന്ന സീന്‍ വന്നാല്‍ രസമായിരിക്കും. അത്തരം ഒരു സീന്‍ മുമ്പ് ഏതോ ഒരു അന്യഭാഷാ ചിത്രത്തില്‍ കണ്ട ഓര്‍മ്മയുണ്ടായിരുന്നു ഡെന്നിസ് ജോസഫിന്. ന്യൂഡെല്‍ഹി എന്ന മമ്മൂട്ടിച്ചിത്രത്തിന്‍റെ തിരക്കഥയെഴുതുമ്പോള്‍ അത്തരം ഒരു സീന്‍ പ്ലാന്‍ ചെയ്താലോ എന്ന് ഡെന്നിസ് ചിന്തിച്ചു.
ഒരു പ്രത്യേക സീനില്‍ ഒരു ലിഫ്‌റ്റില്‍ മമ്മൂട്ടിയും സുമലതയുമെല്ലാം മുകളിലേക്കും അടുത്ത ലിഫ്റ്റില്‍ മറ്റുള്ള താരങ്ങള്‍ താഴേക്കും വരുന്ന രീതിയില്‍ ഒരു ത്രില്ലിംഗ് സീന്‍ ഉണ്ടാക്കാം എന്ന് ഡെന്നിസ് ജോസഫ് നിര്‍മ്മാതാവ് ജോയി തോമസിനോടും സംവിധായകന്‍ ജോഷിയോടും പറഞ്ഞു. ജോയി അത് ഓകെ പറഞ്ഞു. ഡല്‍ഹിയിലെ സെന്‍റൂര്‍ ഹോട്ടലില്‍ ആ രീതിയില്‍ രണ്ട് ക്യാപ്‌സൂള്‍ ലിഫ്റ്റുകള്‍ അടുത്തടുത്തുണ്ട്. ഡെന്നിസും ജോഷിയും ജോയിയും ആ ഹോട്ടലില്‍ പോയി സംസാരിച്ചു.
അവര്‍ അത് ഷൂട്ട് ചെയ്യാന്‍ തരും, പക്ഷേ ഒരു മണിക്കൂറിന് 25000 രൂപയാണ് വാടക. അത് അന്നൊരു വലിയ തുകയാണ്. മാത്രമല്ല, ആ സീന്‍ തീരണമെങ്കില്‍ കുറഞ്ഞത് അഞ്ചാറ് മണിക്കൂറുകള്‍ വേണം. അതായത് ആ ഒരു സീനിനുമാത്രം ഒന്നേകാല്‍ ലക്ഷം രൂപയോളം ചെലവാക്കണം. മമ്മൂട്ടിക്ക് ന്യൂഡല്‍ഹിയിലെ പ്രതിഫലം ഒരുലക്ഷം രൂപയാണ് എന്നത് ഓര്‍ക്കണം.
ഇതറിഞ്ഞപ്പോള്‍ ഡെന്നിസ് ജോസഫും ജോഷിയും അവിടെ ചിത്രീകരിക്കാനുള്ള ആഗ്രഹത്തില്‍ നിന്ന് പിന്‍മാറി. പക്ഷേ അവരെ അമ്പരപ്പിച്ചുകൊണ്ട് ജോയി തോമസ് പറഞ്ഞു - അത്രയും തുക ചെലവായിക്കോട്ടെ, ഈ സീന്‍ ഷൂട്ട് ചെയ്യണം! ആ സ്ഥലവും ലിഫ്റ്റും എല്ലാം കണ്ട് അത്രയ്ക്ക് ജോയി തോമസിന് ഇഷ്ടമായി.
പെര്‍മിഷന്‍ എടുക്കാന്‍ വേണ്ടി ഹോട്ടലിന്‍റെ അഡ്‌മിനിസ്ട്രേഷന്‍ ക്യാബിനില്‍ ചെന്നപ്പോള്‍ ആ ഹോട്ടലിന്‍റെ മാനേജര്‍ ഒരു മലയാളിയാണ്. ഒരു മലയാള സിനിമയ്ക്കായാണ് ഹോട്ടല്‍ ഷൂട്ടിംഗിനായി ചോദിക്കുന്നത് എന്നറിഞ്ഞപ്പോള്‍ പെര്‍മിഷന്‍ കൊടുത്തു എന്നുമാത്രമല്ല, ആറുമണിക്കൂര്‍ ഷൂട്ട് ചെയ്യുന്നതിന് ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ല. പകരം ആ ഹോട്ടലിന്‍റെ ബോര്‍ഡ് സിനിമയില്‍ ഒന്നുരണ്ടുതവണ കാണിക്കണം എന്നുമാത്രം പറഞ്ഞു. ഷൂട്ടിംഗില്‍ പങ്കെടുത്തവര്‍ക്കെല്ലാം അന്ന് ഉച്ചയ്ക്കത്തെ ഭക്ഷണം സൌജന്യമായി കൊടുക്കുകയും ചെയ്തു.
ന്യൂഡെല്‍ഹി ചരിത്ര വിജയമായി. കനത്ത പരാജയങ്ങളില്‍ പെട്ട് തകര്‍ന്നുനിന്ന മമ്മൂട്ടി രാജകീയമായ തിരിച്ചുവരവാണ് ന്യൂഡെല്‍ഹിയിലൂടെ നടത്തിയത്.