ജീന്‍ വെബ്‌സ്റ്ററുടെ ‘ഡാഡി ലോംഗ് ലെഗ്‌സ്’ എന്ന നോവല്‍ പുറത്തിറങ്ങിയത് 1912ലാണ്. കുട്ടികളുടെ നോവല്‍ എന്ന വിഭാഗത്തിലാണ് അത് പിന്നീട് പരിഗണിക്കപ്പെട്ടത്. അനാഥാലയത്തില്‍ വളരുന്ന ഒരു പെണ്‍കുട്ടിയും അവള്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത അവളുടെ സ്പോണ്‍സറും തമ്മിലുള്ള അസാധാരണ ബന്ധത്തേക്കുറിച്ചായിരുന്നു ആ നോവല്‍.
ഈ കഥ പത്മരാജന്‍റെ മനസിലെ വല്ലാതെ സ്വാധീനിച്ചിരുന്നു. അദ്ദേഹം അതില്‍ ഒരു സിനിമയ്ക്കുള്ള സാധ്യത കണ്ടു. 1984ല്‍ ഐ വി ശശി ഒരു തിരക്കഥ വേണമെന്ന ആവശ്യവുമായി പത്മരാജനെ സമീപിച്ചപ്പോള്‍ അദ്ദേഹം ഈ കഥ പറഞ്ഞു. കഥ ശശിക്കും വളരെ ഇഷ്ടമായി.
മമ്മൂട്ടിയെയും ശോഭനയെയും ജോഡിയാക്കി ഈ ചിത്രം തീരുമാനിക്കപ്പെട്ടു. ശോഭനയെ പ്രണയിക്കുന്ന ചെറുപ്പക്കാരനായി റഹ്‌മാനെ അവതരിപ്പിച്ചു. ‘കാണാമറയത്ത്’ എന്ന് പത്മരാജന്‍ സിനിമയ്ക്ക് പേരിട്ടു. ആ സിനിമയുടെ കഥ മുഴുവന്‍ ആ പേരില്‍ മറഞ്ഞുകിടക്കുന്നുണ്ടായിരുന്നു.
ഒരു അസാധാരണ പ്രണയകഥയായിരുന്നു കാണാമറയത്ത്. ചിത്രം വന്‍ വിജയം നേടി. മൂന്ന് സംസ്ഥാന പുരസ്കാരങ്ങള്‍ സ്വന്തമാക്കി. ഹിന്ദിയില്‍ ഐ വി ശശി തന്നെ കാണാമറയത്ത് റീമേക്ക് ചെയ്തു. രാജേഷ് ഖന്നയും സ്മിത പാട്ടീലുമായിരുന്നു ആ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.