ഹരിയാനയില്‍ ബിജെപിയ്ക്ക് പിന്തുണയായത് ഗുര്‍മീതോ?; ആ തന്ത്രങ്ങള്‍ മെനഞ്ഞത് അമിത് ഷാ !
ഹരിയാനയില്‍ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി റാം റഹീമിന്റെ പിന്തുണ നേടിയതിന് പിന്നില്‍ അമിത് ഷാ?
ഹരിയാന തെരഞ്ഞെടുപ്പില്‍ ഗുര്‍മീത് റാം റഹീം ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പിന്റെ സമയത്ത് ദേരയുടെ പിന്തുണ തേടി ബിജെപി നേതാക്കള്‍ ഒക്ടോബര്‍ ഏഴിന് അദ്ദേഹത്തെ നേരിട്ടുകണ്ടെന്നും രഹസ്യകൂടിക്കാഴ്ച നടത്തിയെന്നും എക്ണോമിക് ടൈംസ് അന്ന് റിപ്പോര്‍ട്ടു ചെയ്തിരുന്നു.
പൊളിങ് നടക്കുന്നതിന് ഒരാഴ്ച മുമ്പാണ് ബിജെപി നേതാക്കള്‍ക്ക് ‘ഗുരുജി’യെ കാണാന്‍ എത്തിയത്. ഒക്ടോബര്‍ ഏഴിന് 90 ബിജെപി സ്ഥാനാര്‍ത്ഥികളില്‍ 44 പേര് ഗുര്‍മീത് റാം റഹീം സിങ്ങിനെ കാണാനായി സിര്‍സയിലെ ദേരയിലെത്തിയതായി വിവരമുണ്ട്. വൈകുന്നേരം അഞ്ചുമണിക്കാണ് കൂടിക്കാഴ്ച ആരംഭിച്ചത്.
ആ കൂടിക്കാഴ്ച 15മിനിറ്റ് നീണ്ടുനിന്നു. തുടര്‍ന്ന് റാം റഹീം ബിജെപി നേതാക്കളോട് ദേരയുടെ രാഷ്ട്രീയ ഘടകത്തെ കാണാന്‍ ആവശ്യപ്പെട്ടുവെന്നും വിവരമുണ്ട്. ശേഷം ഒന്നു രണ്ടുദിവസത്തിനകം ചരിത്രത്തിലാദ്യമായി ദേര ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു. അത് ബിജെപിക്കായിരുന്നു.