പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ കടുത്ത നടപടികളെടുക്കുന്നതിന്റെ ഭാഗമായി പാക് പൗരന്മാരോട് രാജ്യം വിടാന്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. സിന്ധുനദീജല കരാര്‍ സസ്‌പെന്‍ഡ് ചെയ്തതുള്‍പ്പടെയുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനവും. നിലവില്‍ 102 പാക് പൗരന്മാരാണ് കേരളത്തിലുള്ളതെന്നാണ് റിപ്പോര്‍ട്ട്.. മാര്‍ച്ച് 27ന് മുന്‍പായി രാജ്യം വിടാനാണ് ഇവര്‍ക്കുള്ള നിര്‍ദേശം.
കേരളത്തിലുള്ള പാക് പൗരന്മാരില്‍ പകുതി പേരും ചികിത്സാ സംബന്ധമായ മെഡിക്കല്‍ വിസിറ്റിനായി എത്തിയവരാണ്. വ്യാപാര ആവശ്യങ്ങള്‍ക്കായും ചിലര്‍ എത്തിയിട്ടുണ്ട്. മെഡിക്കല്‍ വിസയിലുള്ളവര്‍ ഈ മാസം 29നും മറ്റുള്ളവര്‍ 27നും രാജ്യം വിടണമെന്നാണ് നിര്‍ദേശം. ഇക്കാര്യം വിദേശകാര്യമന്ത്രാലയം പാക് പൗരന്മാരെ അറിയിച്ചു.
പാക് പൗരന്മാര്‍ക്കുള്ള എല്ലാത്തരം വിസ സേവനങ്ങളും ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു. വിദ്യാര്‍ഥി, മെഡിക്കല്‍ വിസകളില്‍ എത്തിയവരും രാജ്യം വിടണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പാകിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്കും നിര്‍ദേശമുണ്ട്. പാക് പൗരന്മാര്‍ക്ക് നിലവില്‍ അനുവദിച്ച എല്ലാ വിസകളുടെയും കാലാവധി ഈ മാസം 27ന് അവസാനിച്ചതായി കണക്കാക്കും. മെഡിക്കല്‍ വിസ ലഭിച്ചവര്‍ക്കും മടങ്ങാന്‍ 29 വരെ സമയമുണ്ട്. ഹിന്ദുക്കളായ പാക് പൗരന്മാര്‍ക്കുള്ള ദീര്‍ഘകാല വിസയ്ക്ക് മാത്രം വിലക്കില്ല.