ഞങ്ങള്‍ക്കെതിരെ വന്നാല്‍ പ്രത്യാഘാതം വലുതായിരിക്കും; ഇന്ത്യക്ക് പാക്കിസ്ഥാന്റെ ഭീഷണി
പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം വഷളാകുന്നു
കശ്മീരിലെ പഹല്‍ഗാമില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച് പാക്കിസ്ഥാന്‍. സാധാരണക്കാരായ ജനങ്ങളെ ആക്രമിക്കുന്നത് പാക്കിസ്ഥാന്റെ നയമല്ലെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.
' നിരായുധരായ സാധാരണ മനുഷ്യരെ ആക്രമിക്കുന്നത് പാക്കിസ്ഥാന്റെ നയമല്ല. ഞങ്ങള്‍ക്ക് ഇതില്‍ പങ്കില്ല. ഇന്ത്യയില്‍ മൗലികാവകാശം പോലും നിഷേധിക്കപ്പെടുന്ന ജനങ്ങള്‍ സര്‍ക്കാരിന്റെയോ പൊലീസിന്റെയോ അതിക്രമങ്ങള്‍ക്കെതിരെ ആയുധമെടുത്താല്‍ അതിന് പാക്കിസ്ഥാനെ പഴിചാരാന്‍ എളുപ്പമാണ്. ഇങ്ങോട്ട് ആക്രമിച്ചാല്‍ ഇന്ത്യ വന്‍ വില കൊടുക്കേണ്ടിവരും,' മന്ത്രി ഖ്വാജ ആസിഫ് പ്രതികരിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം വഷളാകുന്നു. അറബിക്കടലില്‍ കറാച്ചി തീരത്തോടു ചേര്‍ന്ന് പാക്കിസ്ഥാന്‍ നാവികാഭ്യാസം പ്രഖ്യാപിച്ചു. മിസൈല്‍ പരീക്ഷണം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ ശക്തമായ നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് മിസൈല്‍ പരീക്ഷണം.