മഹാരാഷ്ട്രയിൽ കെമിക്കൽ ഫാക്‌ടറിയിൽ സ്ഫോടനം; 12 മരണം, 58 പേർക്ക് പരിക്ക്
ശനിയാഴ്ച രാവിലെ 9.45 ഓടെയാണ് സ്ഫോടനം നടന്നതെന്നാണ് റിപ്പോർട്ടുകൾ.
മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിൽ രാസവസ്തു നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ പന്ത്രണ്ട് പേർ മരിച്ചു. ഫാക്ടറിയിലെ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് സ്ഫോടനം നടന്നതെന്നാണ് വിവരം. ശനിയാഴ്ച രാവിലെ 9.45 ഓടെയാണ് സ്ഫോടനം നടന്നതെന്നാണ് റിപ്പോർട്ടുകൾ. സ്ഫോടനം നടക്കുമ്പോൾ ഫാക്ടറിയിൽ നൂറിലേറെ ജീവനക്കാരുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.
നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. പന്ത്രണ്ട് പേരുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു. ഒന്നിലേറെ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചിട്ടുണ്ടെന്ന് ശിർപൂർ പൊലീസ് വ്യക്തമാക്കി. പൊലീസ്, ഫയർഫോഴ്സ്, ദുരന്ത നിവാരണ സേനകൾ പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. മരണസംഖ്യ ഉയരാനാണ് സാധ്യത.