ചെങ്കോട്ട സ്‌ഫോടന സ്ഥലത്ത് 3 വെടിയുണ്ടകൾ; അന്വേഷണം ഊർജ്ജിതമാക്കി
9 എംഎം കാലിബർ വിഭാഗത്തിൽപ്പെട്ട മൂന്ന് വെടിയുണ്ടകളാണ് കണ്ടെത്തിയത്.
ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയിൽ കാർ ബോംബ് സ്‌ഫോടനം നടന്ന പ്രദേശത്ത് നിന്നും വെടിയുണ്ടകൾ കണ്ടെത്തി. 9 എംഎം കാലിബർ വിഭാഗത്തിൽപ്പെട്ട മൂന്ന് വെടിയുണ്ടകളാണ് കണ്ടെത്തിയത്. ഇതിൽ ഒരെണ്ണം ഉപയോഗിച്ചതും രണ്ടെണ്ണം ഉപയോഗിക്കാത്തതുമാണെന്നാണ് വാർത്താ ഏജൻസികൾ നൽകുന്ന വിവരം.
പൊതു ജനങ്ങൾക്ക് കൈവശം വയ്ക്കാൻ അനുമതിയില്ലാത്ത വിഭാഗത്തിൽപ്പെട്ട തോക്കുകളിൽ ഉപയോഗിക്കുന്നവയാണ് കണ്ടെത്തിയ വെടിയുണ്ടകൾ എന്നതാണ് പുതിയ കണ്ടെത്തലിനെ പ്രസക്തി വർധിപ്പിക്കുന്നത്. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്നും വെടിയുണ്ട കണ്ടെത്തിയെങ്കിലും പിസ്റ്റളോ , ഇതിന്റെ ഭാഗങ്ങളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച റിപ്പോർട്ടുകൾ പറയുന്നത്.
സായുധ സേന, പ്രത്യേക അനുമതിയുള്ളവർ എന്നിവർക്കാണ് ഇത്തരം പിസ്റ്റളുകൾ ഉപയോഗിക്കാൻ കഴിയുകയുള്ളു. വെടിയുണ്ടകൾ എങ്ങനെയാണ് സ്ഥലത്ത് എത്തിയത്, പ്രതി അത് കൈവശം വച്ചിരുന്നോ എന്നുൾപ്പെടെയാണ് നിലവിൽ അന്വേഷിക്കുന്നത്. നവംബർ 10 ന് വൈകീട്ടായിരുന്നു ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം ഉണ്ടായത്. സംഭവത്തിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.