രണ്ട് വർഷം മുൻപ് കൊച്ചി തീരത്ത് നിന്നും പിടികൂടിയ 3,500 കോടിയോളം രൂപ വിലവരുന്ന ലഹരിമരുന്ന് നാർകോട്ടിക്സ് കണ്ട്രോൾ ബ്യൂറോ നശിപ്പിച്ചു. ഹെറോയിനും ഹാഷിഷ് ഓയിലും ഉൾപ്പടെ 340 കിലോ ലഹരിമരുന്നാണ് കൊച്ചി കെല്ലിലെ പ്ലാൻ്റിൽ നശിപ്പിച്ചു. ദേശീയ ലഹരി നിർമാർജന ദിനത്തിൻ്റെ ഭാഗമായിട്ടായിരുന്നു നടപടി. 337 കിലോ ഹെറോയിനും മൂന്നരകിലോ ഹാഷിഷ് ഓയിലുമാണ് നശിപ്പിച്ചത്.
2021 ഏപ്രിലിൽ കൊച്ചീ തീരത്ത് നിന്നും പിടികൂടിയ ലഹരിമരുന്നാണ് എഋണാകുളം അമ്പലമേടിലെ കെയിലിൻ്റെ ബയോമാലിന്യ നിർമാർജന കേന്ദ്രത്തിൽ നശിപ്പിച്ചത്. ശ്രീലങ്കൻ മത്സ്യബന്ധന ബോട്ടിൽ കടത്താൻ ശ്രമിക്കവെ പിടികൂടിയ ലഹരിമരുന്നിന് വിപണിയിൽ 3,500 കോടിയോളം രൂപ വിലവരും. നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോയിലെ ഉന്നത ഉദ്യോഗസ്ഥരറ്റങ്ങുന്ന ഹൈ ലെവൽ മോണിറ്ററിംഗ് കമ്മിറ്റിയുടെ മേൽനോട്ടത്തിലായിരുന്നു നശീകരണം.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും നാർകോട്ടിക് സംഘം പിടികൂടുന്ന ലഹരിവസ്തുക്കൾ കൊച്ചിയിലെ ഗോഡൗണിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ഇത്രയും അളവിലുള്ള ലഹരിമരുന്ന് ശാസ്ത്രീയമായി നശിപ്പിക്കുന്നത്. ദേശീയ ലഹരി നിർമാർജന ദിനത്തിൻ്റെ ഭാഗമായി ചെന്നൈ,ബെംഗളുരു യൂണിറ്റുകളിലും എൻസിബി ലഹരിമരുന്ന് നശിപ്പിച്ചു. മൂന്നിടത്തുമായി 9,200 കിലോ ലഹരി മരുന്നാണ് കത്തിച്ച് കളഞ്ഞത്.