കല്യാണ വീട്ടില്‍ നിന്ന് പഴകിയ മട്ടണ്‍ കറി കഴിച്ച മൂന്ന് കുട്ടികള്‍ മരിച്ചു. ശാരീരിക അസ്വാസ്ഥ്യം രൂക്ഷമായതോടെ സ്‌ത്രീകളടക്കമുള്ള 24 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെലങ്കാനയിലെ അഡിലാബാദ് ജില്ലയിലാണ് സംഭവം.
ഗ്രാമത്തിലെ ഒരു വീട്ടില്‍ ചൊവ്വാഴ്‌ചയാണ് വിവാഹ സല്‍ക്കാരവും ചടങ്ങുകളും നടന്നത്. അന്നേ ദിവസം ബാക്കിവന്ന മട്ടണ്‍ കറി അതിഥികളില്‍ ചിലര്‍ ബുധനാഴ്‌ച കഴിച്ചതാണ് അപകടകാരണമായത്.
കടുത്ത വയറുവേദനയും ഛര്‍ദ്ദിയുമായി ആളുകള്‍ വീട്ടില്‍ അവശനിലയില്‍ വീഴുകയും തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ആശുപത്രിയില്‍ വെച്ചാണ് കുട്ടികള്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഒരു വയസിനും മൂന്ന് വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 24 രോഗികളുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പരിശോധനയില്‍ ഭക്ഷ്യവിഷ ബാധയാണെന്ന് വ്യക്തമായി.