ശ്രീദേവിയുടെ മരണം: സ്വതന്ത്രാന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി
ശ്രീദേവിയുടെ മരണം: ഹർജി തള്ളി സുപ്രീം കോടതി
ന്യൂഡൽഹി: നടി ശ്രീദേശിയുടെ മരണത്തിൽ സ്വതന്ത്രാന്വേഷണം വേണമെന്ന ഹർജി സുപ്രീം കോടതി തള്ളി. കഴിഞ്ഞ ഫെബ്രുവരി 24-നാണ് ദുബായിയിലെ ഹോട്ടലിലെ ബാത്ത് ടബിൽ ശ്രീദേവിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയൊന്നുമില്ലെന്നും, സ്വാഭാവിക മരണമാണെന്നും ദുബായ് പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ സംഭവം സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് സുനിൽ സിംഗ് എന്നയാൾ ഹർജി നൽകുകയായിരുന്നു.
ഇത് സംബന്ധിച്ച് ഇയാൾ നൽകിയ ആദ്യ ഹർജി മാർച്ച് 9-ന് ഡൽഹി കോടതി തള്ളിയിരുന്നു. ഇന്ത്യയിലെയും ദുബായിയിലേയും അധികൃതർ ഇത് സംബന്ധിച്ച് അന്വേഷണം നടത്തി വ്യക്തത വരുത്തിയതാണെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയും ഹർജി തള്ളിയത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരുടെ ബെഞ്ചാണു ഹർജി പരിഗണിച്ചത്.