മാനഭംഗ ശ്രമത്തിനിടെ വൃദ്ധയെ കൊല്ലാൻ ശ്രമം
മാനഭംഗ ശ്രമത്തിനിടെ വൃദ്ധയെ കൊല്ലാൻ ശ്രമം; ഇരുപത്തിയാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു
മാനഭംഗ ശ്രമത്തിനിടെ വൃദ്ധയെ കൊല്ലാൻ ശ്രമിച്ച കേസിൽ ഇരുപത്തിയാറുകാരനെ പൊലീസ് അറസ്റ് ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് ഏഴാം വാർഡിൽ പുന്നെപ്പറമ്പിൽ സുരാജ് എന്നയാളാണ് പൊലീസ് വലയിലായത്. പ്രതിയുടെ അയൽവാസിയായ വൃദ്ധ തനിച്ച് താമസിക്കുകയായിരുന്നു.
വിഷുവിന്റെ തലേന്ന് രാത്രിയായിരുന്നു സംഭവം. വിഷു ദിവസം രാവിലെ ബന്ധു കൈനീട്ടം നൽകാൻ എത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന വൃദ്ധയെ കണ്ടത്. ബോധ രഹിതയായ വൃദ്ധയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബോട്ട് സ്രാങ്കായായ പ്രതി അടുക്കള ഭാഗത്തെ കതക് തള്ളിത്തുറന്നാണ് വൃദ്ധയുടെ വീട്ടിൽ അതിക്രമിച്ച് കയറിയത്. വൈദ്യുതി ഫ്യുസ് ഊരിയ ശേഷം വൈദ്യുതി ഇല്ലാതാക്കുകയും ചെയ്തു. വൃദ്ധയെ ബലാൽസംഗം ചെയ്യാൻ ശ്രമിക്കവേ വൃദ്ധ എതിർത്തു. തുടർന്ന് പ്രതി വൃദ്ധയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ വൃദ്ധയുടെ വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു.
അടിയേറ്റു വീണ വൃദ്ധ ഇടയ്ക്ക് ടോർച്ച് തെളിച്ച് പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ ഇതിൽ കുപിതനായ പ്രതി പിന്നീട് ചിരവ കൊണ്ട് വൃദ്ധയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ആശുപത്രിയിൽ വച്ച് വൃദ്ധയ്ക്ക് ബോധം വന്നപ്പോഴാണ് പ്രതിയെ കുറിച്ച് പറഞ്ഞതും പ്രതിയെ പിടികൂടിയതും.