വെറുമൊരു ഹാസ്യതാരം മാത്രമല്ല അന്തരിച്ച നടന്‍ വിവേക്. പലപ്പോഴും കുറിക്കികൊള്ളുന്ന വരികളിലൂടെ ശ്രോതാക്കളെ സ്വാധീനിക്കാനും വിവേകിന് സാധിച്ചിട്ടുണ്ട്. സിനിമയില്‍ ഒരു ഹാസ്യതാരമായിരുന്നെങ്കില്‍ റിയല്‍ ലൈഫില്‍ വിവേക് ഒരു ഹീറോയായിരുന്നു. തമിഴ്‌നാട്ടിലെ ജാതി അസമത്വങ്ങള്‍ക്കെതിരെയും അന്ധവിശ്വാസങ്ങള്‍ക്കെതിരെയും വിവേക് വിമര്‍ശനമുന്നയിക്കാറുണ്ട്.
സാഹിത്യം ഏറെ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. മരണത്തെ കുറിച്ച് വിവേക് നേരത്തെ കുറിച്ച വരികളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. വളരെ ലളിതമായാണ് മരണത്തെ കുറിച്ച് വിവേക് വിവരിച്ചിരിക്കുന്നത്. 'ലളിതവും നിസ്വാര്‍ത്ഥവും ശുദ്ധവുമായ ജീവിതം ഒരുനാള്‍ അവസാനിക്കുകയും നമ്മള്‍ മരിക്കുകയും ചെയ്യും. എന്നാല്‍, ചിലര്‍ മരണശേഷവും ജീവിക്കുന്നു,' വിവേക് ട്വിറ്ററില്‍ കുറിച്ചു.
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് വിവേകിന്റെ അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടില്‍വച്ച് അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ഭാര്യയും മക്കളും ചേര്‍ന്നാണ് വിവേകിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
സാമി, ശിവാജി, അന്യന്‍ തുടങ്ങി 200ലേറെ സിനിമകളില്‍ വിവേക് അഭിനയിച്ചു. മികച്ച ഹാസ്യ നടനുള്ള ഫിലംഫെയര്‍ അവാര്‍ഡ് നാല് തവണ ലഭിച്ചു. മൂന്ന് തവണ തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യ നടനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 1990കളില്‍ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായി. 2009ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.