Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

മകന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഹൃദയം നുറുങ്ങിയ അച്ഛന്‍; ഒടുവില്‍ വിവേകും യാത്രയായി

Actor Vivek Death
, ശനി, 17 ഏപ്രില്‍ 2021 (09:55 IST)
പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുമ്പോഴും തമിഴ് നടന്‍ വിവേകിന്റെ മനസില്‍ വലിയൊരു വിങ്ങലുണ്ടായിരുന്നു. ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ട ഒരാളെ അപ്രതീക്ഷിതമായി വിട്ടുപിരിയേണ്ടി വരുമ്പോള്‍ ഉള്ള വേദന വിവരാതീതമാണ്. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നടന്‍ വിവേകിന്റെ ജീവിതത്തില്‍ വളരെ വേദനിപ്പിക്കുന്ന ഒരു സംഭവമുണ്ടാകുന്നത്. 13 വയസ് മാത്രം പ്രായമുള്ള മകന്‍ പ്രസന്നകുമാര്‍ മരണത്തിനു കീഴടങ്ങിയത് 2015 ഒക്ടോബര്‍ 29 നാണ്. സ്‌ക്രീനില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന വിവേകിന്റെ ഹൃദയം നുറുങ്ങി. കാരണം, മകനെ അത്രത്തോളം സ്‌നേഹിച്ചിരുന്ന വാത്സല്യനിധിയായ പിതാവ് കൂടിയായിരുന്നു അദ്ദേഹം. 
 
ഡെങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് ആരോഗ്യനില മോശമായാണ് പ്രസന്നകുമാര്‍ മരിച്ചത്. ചെന്നൈയിലെ വടപളനിയിലുള്ള എസ്ആര്‍എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു അന്ത്യം. ഡെങ്കിപ്പനി ബാധിച്ച് 40 ദിവസത്തോളം പ്രസന്നകുമാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു. പനി തലച്ചോറിനെ കൂടി ബാധിച്ചതോടെ ആരോഗ്യനില വളരെ മോശമാകുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഏറെ ദിവസം ജീവന്‍ നിലനിര്‍ത്തിയത്. 
 
ഒടുവില്‍ മകന്റെ അടുത്തേക്ക് വിവേകും യാത്രയായി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെയാണ് വിവേകിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടില്‍വച്ച് അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ഭാര്യയും മക്കളും ചേര്‍ന്നാണ് വിവേകിനെ ആശുപത്രിയില്‍ എത്തിച്ചത്. 
 
സാമി, ശിവാജി, അന്യന്‍ തുടങ്ങി 200ലേറെ സിനിമകളില്‍ വിവേക് അഭിനയിച്ചു. മികച്ച ഹാസ്യ നടനുള്ള ഫിലംഫെയര്‍ അവാര്‍ഡ് നാല് തവണ ലഭിച്ചു. മൂന്ന് തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യ നടനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 1990കളില്‍ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായി. 2009ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.
 
വിവേകിന്റെയും ഭാര്യ അരുള്‍സെല്‍വിയുടെയും മൂന്ന് മക്കളില്‍ ഏറ്റവും ഇളയവനായിരുന്നു പ്രസന്നകുമാര്‍. അമൃത നന്ദിനി, തേജസ്വിനി എന്നിവരാണ് വിവേകിന്റെ മറ്റ് രണ്ട് മക്കള്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാസർകോട് ജില്ലയിലെ ടൗണുകളിൽ പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി