മഹാരാഷ്ട്രയിലെ അമരാവതി മണ്ഡലത്തില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ് എന്‍സിപി പിന്തുണയോടെ വിജയിച്ച നടി നവനീത് റാണ ഇത്തവണ ബിജെപി സ്ഥാനര്‍ഥി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ബുധനാഴ്ച രാത്രിയാണ് നവനീത് റാണയ്ക്ക് ബിജെപി അംഗത്വം നല്‍കിയത്. നാഗ്പൂരിലെ ബവന്‍കുലെയുടെ വസതിയില്‍ അമരാവതി, നാഗ്പൂര്‍,വാര്‍ധ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യത്തിലാണ് നവനീത് റാണ ബിജെപിയില്‍ ചേര്‍ന്നത്. ഭര്‍ത്താവും എംഎല്‍എയുമായ രവി റാണയും നടിക്കൊപ്പമുണ്ടായിരുന്നു.
ഏപ്രില്‍ 4ന് നവനീത് റാണ തിരെഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും വികസന പാതയാണ് കഴിഞ്ഞ 5 വര്‍ഷമായി താന്‍ പിന്തുടരുന്നതെന്ന് നവനീത് റാണ പറഞ്ഞു. ബിജെപിയില്‍ ചേര്‍ന്നതില്‍ സന്തോഷം അറിയിച്ച നവനീത് ലോകസഭാ തിരെഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം നേടുന്ന 400 സീറ്റുകളില്‍ അമരാവതി മണ്ഡലവും ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കി.
സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവട് മാറിയ നവനീത് റാണ മമ്മൂട്ടി ചിത്രമായ ലവ് ഇന്‍ സിംഗപ്പൂര്‍ എന്ന സിനിമയില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്.തെലുങ്കിലാണ് താരം കൂടുതല്‍ സിനിമകള്‍ ചെയ്തിട്ടുള്ളത്. രാഷ്ട്രീയക്കാരനായ രവി റാണയെ വിവാഹം ചെയ്തതോടെയാണ് നവനീത് സജീവ രാഷ്ട്രീയത്തിലേക്ക് കടന്നത്. 2014ല്‍ എന്‍സിപി ടിക്കറ്റില്‍ അമരാവതിയില്‍ നിന്നും ലോകസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. പിന്നീട് 2019ല്‍ എന്‍സിപി പിന്തുണയില്‍ സ്വതന്ത്ര്യയായി മത്സരിച്ച് വിജയിക്കാന്‍ നവനീതിനായി.